പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നാളെ ഉപവസിക്കും, ജോലി മുടക്കില്ല

ഡല്‍ഹി: പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ഉപവാസസമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായും പങ്കെടുക്കും.
കോണ്‍ഗ്രസിനു പിന്നാലെയാണ് ഉപവാസസമരവുമായി ബി.ജെ.പിയും രംഗത്തെത്തിയിരിക്കുന്നത്. മോഡി ന്യൂഡല്‍ഹിയില്‍ ഉപവസിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് സംസ്ഥാനമായ കര്‍ണാടകയിലെ ഹൂബ്‌ളിയിലാണ് അമിത് ഷായുടെ ഉപവാസം. പ്രധാനമന്ത്രി ഉപവാസം അനുഷ്ടിക്കുമെങ്കിലും ഔദ്യോഗിക പരിപാടികളിലും ഫയല്‍ നീക്കങ്ങളിലും തടസമുണ്ടാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യവ്യാപകമായി നടക്കുന്ന ഉപവാസത്തില്‍ ബി.ജെ.പിയുടെ എല്ലാ എം.പിമാരും നേതാക്കളും പങ്കെടുക്കും. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ഏകദേശം പൂര്‍ണമായി തടസപ്പെട്ടിരുന്നു. കോണ്‍ഗ്രസാണ് ഇതിനു പിന്നിലെന്നാണു ബി.ജെ.പിയുടെ ആരോപണം.
രാജ്യത്ത് മതസൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വം ഏകദിന ഉപവാസസമരം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബി.ജെ.പിയും ഉപവാസ സമരത്തിലേക്കു കടന്നത്. കേന്ദ്രസര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് ഉപവാസം നടത്തിയത്.

© 2025 Live Kerala News. All Rights Reserved.