നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

കൊല്ലം: വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത് (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു.

തൊണ്ണൂറുകളിലാണ് അജിത് സിനിമ രംഗത്തെത്തുന്നത്. അജിത്ത് 500-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
1984-ല്‍ പി. പദ്മരാജന്‍ സംവിധാനം ചെയ്ത ‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണു അജിത്തിന്റെ തുടക്കം.

പിന്നീട് പദ്മരാജന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി അദ്ദേഹം. 1989-ല്‍ പുറത്തിറങ്ങിയ അഗ്‌നിപ്രവേശം എന്ന ചിത്രത്തില്‍ നായകനായി രംഗത്തെത്തിയിരുന്നു. പക്ഷേ പിന്നീട് അഭിനയിച്ചത് ഏറെയും വില്ലന്‍ വേഷങ്ങളാണ്.

ദൂരദര്‍ശനിലെ ആദ്യകാല പരമ്പരകളിലൊന്നായ ‘കൈരളി വിലാസം ലോഡ്ജ്’ അടക്കം നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.

മൂന്നുപതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് തിളങ്ങിയ അജിത്ത് ‘കോളിംഗ് ബെല്‍’ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. തെരുവിലുപേക്ഷിക്കപ്പെടുന്ന ചോരക്കുഞ്ഞുങ്ങളെ എടുത്ത് അനാഥാലയങ്ങളില്‍ എത്തിക്കുന്ന കള്ളന്റെ കഥയാണ് കോളിങ്ബെല്‍ പറഞ്ഞത്.

പത്ഭനാഭന്‍-സരസ്വതി ദമ്പതികളുടെ മകനായി ജനിച്ച അജിത്ത് കൊല്ലത്ത് കാമ്പിശ്ശേരി കരുണാകരന്‍ അധികാരിയായിട്ടുള്ള ക്ലബ്ബിലൂടെയാണ് കലാജീവിതത്തിന് തുടക്കം കുറിച്ചത്. പ്രമീളയാണ് ഭാര്യ. മക്കള്‍: ശ്രീക്കുട്ടി, ശ്രീഹരി.

© 2025 Live Kerala News. All Rights Reserved.