അദ്ധ്യാപകന്റെ കഠിനശിക്ഷ: പത്ത് വയസുകാരി മരിച്ചു

കരീംനഗർ:  ഹോംവർക്ക് ചെയ്യാത്തതിന്  സ്വകാര്യ സ്കൂളിലെ അദ്ധ്യാപകൻ നൽകിയ  ക്രൂരമായ ശിക്ഷ പത്ത് വയസുകാരിയുടെ ജീവനെടുത്തു. കുപിതരായ നാട്ടുകാർ സ്കൂൾ അടിച്ചു തകർത്തു. അദ്ധ്യാപകന്റെയും സ്കൂളധികൃതരുടെയും പേരിൽ പൊലീസ് കേസെടുത്തു.
തെലുങ്കാനയിൽ കരീംനഗർ ജില്ലയിലെ ഹുസുറാബാദ് നഗരത്തിലെ വിവേകവർദ്ധിനി സ്കൂളിൽ അഞ്ചാം  ക്ലാസ് വിദ്യാർത്ഥിനിയായ കോലിപാക ആശ്രിതയാണ് മരിച്ചത്. കഴിഞ്ഞ 16ന് കണക്കിന്റെ  ഹോംവർക്ക് മുഴുമിപ്പിക്കാതെ സ്കൂളിലെത്തിയ ആശ്രിതയെ  അദ്ധ്യാപകൻ 20 മിനിട്ടോളം മുട്ടിൽ നിറുത്തി. പനിയുണ്ടായിരുന്ന കുട്ടിയെ നിലത്ത് മുട്ടുകുത്തിച്ച് നിറുത്തിയതിനെ തുടർന്ന് രക്തചംക്രമണം തടസപ്പെട്ട്  കുഴഞ്ഞു വീണിരുന്നു.
മുട്ടിന് വേദനയുണ്ടെന്ന് പിന്നീട്   മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് ഡോക്ടറെ കണ്ടു. രക്തം കട്ടപിടിച്ചിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തി. കട്ട പിടിച്ച രക്തം ഹൃദയത്തിലെത്തിയതിനെ തുടർന്ന്  വിദഗ്ദ്ധ ചികിത്സയ്ക്കായി  വാറംഗലിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  ഇന്നലെ മരണമടയുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.