വാസു ഒളിവില്‍ കഴിഞ്ഞത് മലയാളിയുടെ ഫാം ഹൗസില്‍; ആത്മഹത്യക്കുറിപ്പു ലഭിച്ചു

 

മുംബൈ: ഫോറസ്റ്റ് കേസ് കാരണം ഞാന്‍ പോവുകയാണെന്ന് ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിന്റെ ആത്മഹത്യക്കുറിപ്പ്. പെങ്ങളും ഭര്‍ത്താവും മകനും നിരപരാധിയെന്നും കുറിപ്പില്‍ പറയുന്നു. മഹാരാഷ്ട്രയിലെ ഡോഡാമാര്‍ഗിലെ മലയാളിയുടെ ഫാം ഹൗസില്‍ ശനിയാഴ്ച രാത്രി 8.30 ഓടെയാണ് ഐക്കരമറ്റം വാസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂവാറ്റുപുഴ സ്വദേശിയായ ഫാം ഹൗസ് ഉടമ തിരിച്ചറിഞ്ഞതോടെയാണ് വാസു ആത്മഹത്യ ചെയ്തത്. ലുക്കൗട്ട് നോട്ടീസ് കണ്ട ഉടമ വാസുവിനെ പണം നല്‍കി പറഞ്ഞുവിട്ടു. ഞായറാഴ്ച നാട്ടിലേക്കു പോകുകയാണെന്ന് വാസു ഉടമയോടു പറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കു മുന്‍പാണ് വാസു ഫാം ഹൗസിലെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് വാസു മരിച്ചതായി വീട്ടുകാര്‍ക്കു വിവരം ലഭിച്ചത്. സംഭവത്തോടനുബന്ധിച്ച് ഫാം ഉടമ മനോജിനെ ഫോറസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഐക്കരമറ്റം വാസുവിന്റെ സഹോദരി അംബിക(50), ഭര്‍ത്താവ് പെരിങ്ങഴ അരീക്കാപ്പിള്ളില്‍ ലക്ഷ്മണന്‍(57), ബന്ധുവായ പുന്നയ്ക്കല്‍ സാജുവിന്റെ ഭാര്യ ഷൈജ(45) എന്നിവരെ കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ടി. എസ്. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെരിങ്ങഴിയിലുള്ള ഇവരുടെ വീടുകളില്‍ അന്വേഷണ സംഘമെത്തിയത്.

© 2025 Live Kerala News. All Rights Reserved.