രാജിവെച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കാന്‍;ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു; നിരപരാധിത്വം തെളിയിക്കാനാണ് ശ്രമിക്കുന്നതെന്നും എ.കെ ശശീന്ദ്രന്‍;ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ലൈംഗികചുവയുളള സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് രാജിവെച്ച ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.രാജിവെച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കാനാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. നിരപരാധിത്വം തെളിയിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും തിരിച്ചുവരുന്നതിനെ കുറിച്ചോ മന്ത്രിസ്ഥാനത്തെയോ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ കണ്ടശേഷം അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത് നല്ലതല്ലെന്ന ചിന്തയാണ് രാജിക്കിടയാക്കിയത്. പാര്‍ട്ടിക്ക് മറ്റൊരു മന്ത്രിസ്ഥാനം എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.മന്ത്രി സ്ഥാനത്ത് എത്തിയപ്പോള്‍ പോലും അതിനൊരു പ്രത്യേകതയുളളതായിട്ട് തോന്നിയിട്ടില്ല. ഏത് തരത്തിലുളള അന്വേഷണമാണ് ഉണ്ടാകുന്നതെന്ന് അറിയില്ല. അത് മുഖ്യമന്ത്രിയും മറ്റുളളവരും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ്.ഏത് അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിട്ടില്ല. അദ്ദേഹം ഉടന്‍ തന്നെ അന്വേഷണത്തിനുളള ഉത്തരവിടുമെന്ന് കരുതുന്നു. ഇപ്പോള്‍ ഇങ്ങനെ ഒന്നുണ്ടായി. ആ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് താനിരിക്കുന്നത് ഉചിതമല്ല എന്ന് അറിയാവുന്നത് കൊണ്ടാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.