തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്കുമേല്‍ സമ്മര്‍ദമേറുന്നു; പളനിസ്വാമിയും ഒപിഎസും ഗവര്‍ണറെ കണ്ടു; ഇന്ന് തീരുമാനമുണ്ടായേക്കും; തീരുമാനം കാത്ത് തമിഴ്‌നാട്

ചെന്നൈ:രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമം തുടരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറി. അണ്ണാ ഡിഎംകെ നിയമസഭകക്ഷി നേതാവ് എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ വീണ്ടും ഗവര്‍ണ്ണറെ കണ്ടു.മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ നിയമസഭാതലത്തില്‍ കോംപോസിറ്റ് വോട്ടിങ് അഥവാ സമഗ്ര വോട്ടിങ്ങിനുള്ള സാധ്യതയാണ് കൂടുതല്‍. ഇരുപക്ഷങ്ങളോടും തങ്ങള്‍ക്കുള്ള പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍്ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗലര്‍ണ്ണര്‍ ഇന്ന് തീരുമാനമെടുത്തേക്കും.മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷംഉണ്ടെന്നാണ് ഇരുപക്ഷത്തിന്റെയും അവകാശവാദം.ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വവും ഭരണസ്തംഭനവും പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എടപ്പാടി പളനിസാമിയും ഒ. പനീര്‍സെല്‍വവും വീണ്ടും രാജ്ഭവനിലെത്തി സത്യപ്രതിജ്ഞക്കായി അവകാശവാദമുന്നയിച്ചത്. 124 പേരുടെ പിന്തുണയുണ്ടെന്ന അവകാശവാദം പളനിസാമി ആവര്‍ത്തിച്ചു. എന്നാല്‍, എംഎല്‍മാരുടെ എണ്ണത്തിലെ നിജസ്ഥിതി ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ ഇരുപക്ഷത്തിനും കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭാതലത്തില്‍ തന്നെവേണമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശങ്ങളെല്ലാം. മുഖ്യമന്ത്രി നിയമനത്തിന് അവകാശ വാദമുന്നയിച്ച പനീര്‍സെല്‍വത്തെയും പളനിസാമിയെയും നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് പൊതുവിലയിരുത്തല്‍.

© 2025 Live Kerala News. All Rights Reserved.