ഫ്‌ലോറിഡയിലെ വിമാനത്താവളത്തില്‍ വെടിവെപ്പ് ; അഞ്ചു മരണം; 8 പേര്‍ക്കു പരുക്ക്; അക്രമി കസ്റ്റഡിയില്‍

മയാമി: അമേരിക്കയിലെ ഫ്‌ലോറിഡയിലെ വിമാനത്താവളത്തില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. 8 പേര്‍ക്കു പരുക്കേറ്റു. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിക്കു വെടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. അക്രമിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇരുപതു വയസു വരുന്നയാളാണ് അക്രമിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.വിമാനത്താവളത്തിലെ തറയില്‍ വെടിയേറ്റ നിരവധി പേര്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മയാമിയിലെ ടിവി ചാനലുകള്‍ പുറത്തുവിട്ടു. സംഭവത്തെപ്പറ്റി ഫ്‌ലോറിഡ ഗവര്‍ണറുമായി സംസാരിച്ചെന്നും നടപടികള്‍ക്കു നിര്‍ദേശം നല്‍കിയെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു വെടിവെപ്പ്. കാരണമെന്തെന്ന് അറിവായിട്ടില്ല.ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്നതാണ് മയാമി മേഖലയിലുള്ള ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ വിമാനത്താവളം.

© 2025 Live Kerala News. All Rights Reserved.