അസാധു നോട്ടുകള്‍ കൈവശം വെച്ചാല്‍ നാലുവര്‍ഷം തടവ്;പത്ത് നോട്ടുകള്‍ കൈവശം വെക്കാം;ശിക്ഷ മാര്‍ച്ച് 31 ന് ശേഷം;ഓര്‍ഡിനന്‍സിന് അംഗീകാരം

ന്യൂഡല്‍ഹി:മാര്‍ച്ച് 31ന് ശേഷം അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ കൈവശം വെച്ചാല്‍ പിഴയും ജയില്‍വാസവും. ഇതിസംബന്ധിച്ച ഓര്‍ഡിനന്‍സിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരം നല്‍കി. പത്തില്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം വെച്ചാല്‍ 50,000 രൂപ പിഴശിക്ഷ ലഭിക്കും. നിയന്ത്രണത്തില്‍ കൂടുതലുള്ള അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ നാല് വര്‍ഷം തടവും കുറഞ്ഞത് 50,000 രൂപവരെ പിഴ ഇടാക്കാനാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്. കൈവശമുള്ള നോട്ടുകളുടെ അഞ്ചിരട്ടിയോ അല്ലെങ്കില്‍ 50,000 രൂപയോ എതാണോ കൂടുതല്‍ അതാകും പിഴയായി ഈടാക്കുക.ഡിസംബര്‍ 31 വരെയാണ് അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയം. അതിനുശേഷം 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കാം. ഇതിന് ശേഷവും ഇത്തരം നോട്ടുകള്‍ കൈവശം വെക്കുന്നത് തടയാനാണ് നിയമനിര്‍മാണം. നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. കള്ളപ്പണവും ഭീകരവാദത്തിന് ഉപയോഗിക്കുന്ന പണവും തടയുന്നതിനായിരുന്നു നോട്ട് അസാധുവാക്കല്‍. 500, 1000 രൂപയുടെ 15.44 ലക്ഷം കോടിയുടെ കറന്‍സിയാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍, 90 ശതമാനം പണവും (14 ലക്ഷം കോടി രൂപ) തിരികെ ബാങ്കുകളില്‍ എത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

© 2025 Live Kerala News. All Rights Reserved.