
കൊല്ലം:കെ.മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ ചീമുട്ടയെറിഞ്ഞു. ഉണ്ണിത്താന്റെ കാറിനു നേരെയും ആക്രമണമുണ്ടായി. കാറിന്റെ ചില്ലു തകര്‍ന്നു. കൊല്ലം ഡിസിസി ഓഫിസിലെത്തിയപ്പോഴാണു സംഭവം. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു കെ.മുരളീധരന്‍ എംഎല്‍എയും രാജ്‌മോഹന്‍ ഉണ്ണിത്താനും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് കെപിസിസി വക്താവു സ്ഥാനം ഉണ്ണിത്താന്‍ രാജിവച്ചിരുന്നു.ആക്രമണത്തിന് പിന്നില്‍ കെ മുരളീധരനാണെന്ന് രാജ്‌മോഹന്‍ ആരോപിച്ചു. 2004ല്‍ തിരുവനന്തപുരത്ത് നടന്ന ആക്രമണത്തിന് സമാനമാണ് കൊല്ലത്തുണ്ടായത്. ഗുണ്ടകളെ വിട്ട് ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ഏറ്റവും മികച്ച കെപിസിസി പ്രസിഡന്റുമാരില്‍ ഒരാളായ മുരളീധരനെ അപമാനിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെ ഡിസിസി ഓഫിസില്‍ കയറ്റില്ലെന്നു പറഞ്ഞാണ് മുരളി അനുകൂലികള്‍ ആക്രമണം നടത്തിയത്.സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്ന തന്റെ തിങ്കളാഴ്ചത്തെ വിമര്‍ശനത്തിനു പാര്‍ട്ടി വക്താവെന്ന നിലയില്‍ ഉണ്ണിത്താന്‍ നല്‍കിയ മറുപടി മുരളീധരനെ ചൊടിപ്പിച്ചതാണ് വാക്‌പോരിനു തുടക്കമിട്ടത്. വീട്ടുകാര്‍ വര്‍ത്തമാനം പറയുന്നിടത്തു കുശിനിക്കാര്‍ക്കെന്തു കാര്യമെന്നാണു മുരളീധരന്‍ തിരിച്ചടിച്ചത്.ഉണ്ണിത്താന്‍ ഉള്‍പ്പെട്ട അനാശാസ്യക്കേസിന്റെ കാര്യവും മുരളി എടുത്തിട്ടതോടെ രംഗം കലുഷിതമായി. ആരെയും എന്തും പറയാനും ആവശ്യം വരുമ്പോള്‍ അവരുടെ കാലുപിടിക്കാനും മടിക്കാത്തയാളാണു മുരളീധരനെന്നു തുടര്‍ന്നു പത്രസമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു ഉണ്ണിത്താന്‍.