കൊച്ചിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം;ഡിജെ പാര്‍ട്ടികള്‍ക്ക് അനുമതിയില്ല; സംഗീതനിശകള്‍ സംഘടിപ്പിക്കാം; ആഘോഷങ്ങള്‍ രാത്രി 12.30ന് അവസാനിപ്പിക്കണം

കൊച്ചി:കൊച്ചിയില്‍ വന്‍കിട ഹോട്ടലുകളില്‍ നടക്കുന്ന പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം. ഡിജെ പാര്‍ട്ടികള്‍ക്ക് അനുമതിയില്ല. സംഗീതനിശകള്‍ സംഘടിപ്പിക്കാം. ആഘോഷങ്ങള്‍ 12.30ന് മുമ്പ് അവസാനിപ്പിക്കണം. അബ്കാരി നിയവും ചട്ടവും പാലിച്ചേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാവൂ. വെളിച്ചമില്ലാത്ത ഡിജെ പാര്‍ട്ടിക്ക് അനുമതിയില്ല. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന രീതിയലാകണം പാര്‍ട്ടികള്‍. 21 വയസില്‍ താഴെയുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ മദ്യം വിളമ്പരുത്. ഹോട്ടലുടമയും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് പൊലീസ് ഉത്തരവിറക്കിയത്. രാത്രി ലൈറ്റ് അണച്ചുള്ള മദിച്ചു മറിയല്‍ വേണ്ടെന്നും രാത്രി 10.30 നു ശേഷം മദ്യസല്‍ക്കാരം വേണ്ടെന്നും പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടികള്‍ക്ക് വ്യാപകമായി മയക്കുമരുന്ന് എത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ന്യൂഇയര്‍ പാര്‍ട്ടികള്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇതേതുടര്‍ന്നാണ് ഹോട്ടലുടമകള്‍ പൊലീസുമായി ചര്‍ച്ചയ്‌ക്കെത്തിയത്.ഡിജെ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കില്ലെന്ന് പൊലീസ് പറഞ്ഞു. പുതുവത്സരത്തോടനുബന്ധിച്ച് 1500ഓളം പൊലീസുകാരെയാണ് അധികമായി നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.