ദേശീയഗാന അനാദരവ്; ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട; എഴുത്തുകാരന്‍ കമല്‍സി ചവറയ്‌ക്കെതിരെയും കേസെടുക്കരുതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ഗാനവുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്‌നങ്ങളുടെ പേരില്‍ കേരളത്തില്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നടപടികളില്‍ 124 എ വകുപ്പ് ചുമത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നോവലിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്തിരുന്ന എഴുത്തുകാരന്‍ കമല്‍സി ചവറയ്‌ക്കെതിരെയും കേസെടുക്കരുതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. യുഎപിഎയും രാജ്യദ്രോഹക്കുറ്റവും എല്ലാവര്‍ക്കുമെതിരെ ചുമത്തുന്നത് ശരിയല്ലെന്നും. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.