പാര്‍ലമെന്റ് സ്തംഭനം; രാജിവെക്കാന്‍ തോന്നുന്നുവെന്ന് എല്‍കെ അഡ്വാനി;ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കണം

ന്യൂഡല്‍ഹി: ബഹളം മൂലം പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നത് നിരാശപ്പെടുത്തുന്നുവെന്നും എം.പി സ്ഥാനം രാജിവെക്കാന്‍ പോലും തോന്നുകയാണെന്നും മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു.വാജ്‌പേയി പാര്‍ലമെന്റില്‍ ഉണ്ടായിരുന്നെങ്കില്‍ അവസ്ഥ കണ്ട് അദ്ദേഹം ദുഖിക്കുമായിരുന്നെന്നും അദ്വാനി പറഞ്ഞു.തന്നെ സന്ദര്‍ശിക്കാനെത്തിയ ഒരു കൂട്ടം എംപിമാരോടാണ് അദ്വാനി ഇക്കാര്യം പങ്കുവെച്ചതെന്ന് തൃണമൂല്‍ എം.പി ഇദ്‌രീസ് അലി പറഞ്ഞു.ഇന്ന് രാഹുല്‍ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന ഭരണപക്ഷം ബഹളമുണ്ടാക്കിയിരുന്നു.ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്ന് ഉച്ചവരെയും ലോക്‌സഭ ഇന്ന് പൂര്‍ണ്ണമായും പിരിഞ്ഞിരുന്നു. നാളെയാണ് ശീതകാല സമ്മേളനം അവസാനിക്കുന്നത്. സഭാ സ്തംഭനം ഒഴിവാക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനോട് ഉടന്‍ ഇടപടണമെന്ന് ആവശ്യപ്പെട്ട അദ്വാനി സര്‍വകക്ഷിയോഗം വിളിക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കണമെന്നും രാജ്‌നാഥ് സിങിനോട് ആവശ്യപ്പെട്ടു.നടപ്പ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും സഭാ പൂര്‍ണ രീതിയില്‍ നടക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു. സഭാസ്തംഭനത്തില്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്റികാര്യ മന്ത്രി അനന്ത്കുമാറിനോട് അദ്വാനി ക്ഷുഭിതനായിരുന്നു. സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സ്പീക്കര്‍ക്കോ പാര്‍ലമെന്ററികാര്യ മന്ത്രിക്കോ കഴിയുന്നില്ലെന്നും അദ്വാനി പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.