ന്യൂഡല്‍ഹി: സൈന്യത്തിന് ആദരവ് അര്‍പ്പിച്ചും കേരളത്തെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത്. അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എല്ലാ സൈനികര്‍ക്കും പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അന്ധകാരത്തിനെതിരെ വെളിച്ചം തെളിക്കുന്ന ആഘോഷമായാണ് നമ്മള്‍ ദീപാവലി ആഘോഷിക്കുന്നത്.ആഘോഷങ്ങള്‍ ആളുകളുടെ മനോഭാവത്തെ അടിസ്ഥാനമാക്കിയാണുള്ളത്. സൈന്യത്തിന് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങള്‍ അയക്കുന്നതിനായി സന്ദേശ് ടു സോള്‍ജിയേഴ്‌സ് എന്ന ഹാഷ് ടാഗില്‍ സൗകര്യമൊരുക്കിയിരുന്നു. ഇത്തരത്തില്‍ സൈനികര്‍ക്ക് പിന്തുണ നല്‍കുന്ന പൗരന്മാര്‍ക്കും പ്രധാനമന്ത്രി നന്ദി അര്‍പ്പിച്ചു. ഈ ദീപാവലി സൈന്യത്തിന് സമര്‍പ്പിക്കാമെന്നും അതിര്‍ത്തിയില്‍ ബിഎസ്എഫ്, സിആര്‍പിഎഫ് ജവാന്മാര്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ജോലി നോക്കുന്നതിനാലാണ് നമ്മള്‍ ഏവരും ദീപാവലി ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാം അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യത്തിനും കടപ്പാട് രാജ്യത്തോടാകണമെന്നും മോദി അഭിപ്രായപ്പെട്ടു. കേരളത്തെയും മോദി പ്രശംസിച്ചു. ഇടമലക്കുടിയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പൊതുശൗച്യാലയം മാതൃകാപരമെന്നും മോദി അഭിപ്രായപ്പെട്ടു. നാളെ നമ്മള്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. അതിനൊപ്പം മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയേയും സ്മരിക്കുന്നതായി അദ്ദേഹം മന്‍ കി ബാത്തില്‍ പറഞ്ഞു.