തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകിട്ട് നാലോടെ കേരളത്തിലെത്തും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് കേരളത്തിലെത്തുന്നത്. ഇന്ന് വൈകുന്നേരം 4.10ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെ നേവല്‍ എയര്‍ സ്റ്റേഷനിലെത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിക്കും.കൊല്ലത്ത് ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയത് വിവാദമായിരിക്കെയാണ് സന്ദര്‍ശനം. ഇതിന് ശേഷം തൃശൂരിലേക്ക് തിരിക്കുന്ന അദ്ദേഹം ബി.ജെ.പി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
വൈകിട്ട് അഞ്ചിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബിജെപിയുടെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ അധ്യക്ഷത വഹിക്കും.
നാവിക വിമാനത്താവളത്തില്‍ നിന്നു ഹെലികോപ്റ്ററിലാണു തൃശൂരിലേക്കുള്ള യാത്ര. കുട്ടനെല്ലൂരിലെ ഹെലിപാഡില്‍നിന്നു റോഡ് മാര്‍ഗമാണു തേക്കിന്‍കാട് മൈതാനത്ത് എത്തുന്നത്. ഒരു മണിക്കൂറോളം സമ്മേളന വേദിയിലുണ്ടാകും. തിരികെ റോഡ്മാര്‍ഗം വില്ലിങ്ഡന്‍ ദ്വീപിലെ താജ് വിവാന്തയിലെത്തും. ഇന്നു രാത്രി വിവാന്തയിലാണു താമസം. തൃശൂരില്‍നിന്നുള്ള മടക്കയാത്രയില്‍ ദേശീയപാതയിലും കൊച്ചി നഗരത്തിലും ഗതാഗത, പാര്‍ക്കിങ് നിയന്ത്രണമുണ്ടാകും.
നാളെ രാവിലെ കരനാവികവ്യോമ സേനാ മേധാവിമാരുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ മോഡി പങ്കെടുക്കും. രാവിലെ നാവിക സേനയുടെ വിമാനത്താവളത്തില്‍ മൂന്നു സേനകളും ചേര്‍ന്നു നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി പരിശോധിക്കും. 9.15ന് നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലേക്കു ഹെലികോപ്റ്ററില്‍ പുറപ്പെടും. കൊച്ചിക്കു പടിഞ്ഞാറ്, 40 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ എത്തുന്ന മോഡി 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സേനാ മേധാവികളുടെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനത്തിന് ഉച്ചയ്ക്ക് കൊല്ലത്തേക്ക് പുറപ്പെടും. എസ്എന്‍ കോളജ് വളപ്പില്‍ 2.45ന് എത്തും. മുന്‍മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ അനാവരണവും ശ്രീനാരായണ ഗുരു കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ മന്ദിര സമര്‍പ്പണവും നിര്‍വഹിക്കും. ഇവിടെ നിന്ന് മൂന്നരയ്ക്ക് ശിവഗിരിയിലേക്ക് പുറപ്പെടും. ഇരുപത് മിനിറ്റോളം ശിവഗിരിയില്‍ ചെലവഴിച്ച ശേഷം 4.35ന് പുറപ്പെടും. 5.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ഫോഴ്‌സ് ഹട്ടില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണും. 5.30നു ന്യൂഡല്‍ഹിയിലേക്കു മടങ്ങും.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തെത്തുടര്‍ന്ന് കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയത്. പൊതുപരിപാടിയില്ലെങ്കിലും കേരളത്തിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അദേഹം എത്തുന്നതിന് മുമ്പ് തന്നെ വിവാദമായിരുന്നു.