
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ അന്തരീക്ഷം അതീവ മലിനീകൃതമായി. കഴിഞ്ഞ രണ്ട് വര്‍ഷത്തേക്കാള്‍ ഏറ്റവും മോശമായ അന്തരീക്ഷമാണ് ഡല്‍ഹിയില്‍ ഇപ്പോഴുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്റ് റിസര്‍ച്ച് ചൂണ്ടികാട്ടുന്നു. ഡല്‍ഹിയുടെ അന്തരീക്ഷത്തിന്റെ ഗുണമേന്മ ശനിയാഴ്ച വളരെ താഴ്ന്ന നിലയിലെത്തി. കാറ്റു വീശാത്തതും കാറ്റ് വളരെ കുറവാണെന്നതും അന്തരീക്ഷ മലിനീകരണം വര്‍ധിക്കാന്‍ കാരണമായതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം കണ്ടെത്തി.പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവരും വീടിനു പുറത്തിറങ്ങുന്നതു കഴിയുന്നതും ഒഴിവാക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സഫര്‍ അഭ്യര്‍ഥിച്ചു. അതേസമയം, അന്തരീക്ഷ മലിനീകരണത്തില്‍ പഞ്ചാബിനെയും ഹരിയാനയെയും കുറ്റപ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തി. ധാന്യം കൊയ്തശേഷം അവശേഷിക്കുന്ന കുറ്റി പഞ്ചാബും ഹരിയാനയും കത്തിക്കുന്നതാണു മലിനീകരണത്തിനു കാരണമാകുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ മാസം 26ന് ഈ സംസ്ഥാനങ്ങളില്‍ തീ കത്തിക്കുന്നതായുള്ള നാസയുടെ ചിത്രവും ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. അതേസമയം, ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ചു പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് ഡല്‍ഹി നിവാസികളോട് സംസ്ഥാന പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍ അഭ്യര്‍ഥിച്ചു.