
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ് ളാറ്റുകളില്‍ വിജിലന്‍സ് പരിശോധന. തിരുവനന്തപുരത്തെ ജഗതിയിലെയും കൊച്ചി കലൂരിലെയും ഫഌറ്റുകളിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്. സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന.എറണാകുളം വിജിലന്‍സ് സെല്ലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ടോം ജോസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ളവ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരുന്നത്. നേരത്തെ, കെഎംഎംഎല്‍ മഗ്‌നീഷ്യം ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് തൊഴില്‍വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ടോം ജോസ് കെഎംഎംഎല്‍ എംഡി ആയിരിക്കെ നടത്തിയ വിവാദ മഗ്‌നീഷ്യം ഇടപാടിലൂടെ സര്‍ക്കാറിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കെഎംഎംഎല്ലിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്. 2012,13, 14 കാലഘട്ടത്തിലാണ് സംഭവം. ഒരു മെട്രിക് ടണ്‍ മഗ്‌നീഷ്യം 1.87 കോടി രൂപക്കാണ് കെഎംഎംഎല്‍ പ്രാദേശിക വിപണിയില്‍നിന്ന് വാങ്ങിയിരുന്നത്. ഇതൊഴിവാക്കാന്‍ ടോം ജോസ് ആഗോള ടെന്‍ഡര്‍ വിളിച്ചെന്നും ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്.മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ടോം ജോസ്. ഐഎഎസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.