പാക് വെടിവെപ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു; ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുര്‍നാം സിങ് വെടിയേറ്റത്;അതിര്‍ത്തിയില്‍ ജാഗ്രത

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ കത്വ ജില്ലയിലുണ്ടായ പാക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിങ് (26) വീരമൃത്യു വരിച്ചു. കത്വ ജില്ലയിലുള്ള ഹിരാനഗറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് ഗുര്‍നാമിന് വെടിയേറ്റത്. നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനിടെ പരിക്കേറ്റ ഗുര്‍നാമിനെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.ഗുര്‍നാമിന് വെടിയേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴ് പാകിസ്താന്‍ റേഞ്ചേഴ്‌സ് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. പക്ഷെ ഇക്കാര്യം പാക് സൈന്യം നിഷേധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കായാണ് ഗുര്‍നാം മരിച്ചതെന്നും എല്ലാവരുടേയും പ്രര്‍ത്ഥനകള്‍ ആവശ്യമാണെന്നും ഗുര്‍നാമിന്റെ സഹോദരന്‍ മാദീപ് പറഞ്ഞു. കഴിഞ്ഞ മാസം പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിന് ശേഷം നിരവധി തവണയാണ് പാകിസ്താന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് വെടിനിര്‍ത്തല്‍ കാര്‍ ലംഘിക്കുന്നത്. ബുധനാഴ്ച രാത്രി മുതല്‍ പാകിസ്താന്‍ റേഞ്ചേഴ്‌സ് ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.