ഭൂവനേശ്വറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 24 മരണം; നിരവധി പേര്‍ക്ക് പരുക്ക്;മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്;അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

ഭൂവനേശ്വര്‍: ഒറീസയിലെ ഭൂവനേശ്വറില്‍ ആശുപത്രിയിലുണ്ടായ  തീപിടുത്തത്തില്‍ 24 മരണം. എസ്‌യുഎം ആശുപത്രിയിലെ ഐസിയുവിലും ഡയാലിസിസ് സെന്ററിലുമാണ് തീ പടര്‍ന്നു പിടിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റു.നാലു നിലകളുള്ള ആസ്പത്രിയുടെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് വിഭാഗത്തിലാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ തീപ്പിടുത്തമുണ്ടായത്. വളരെ പെട്ടന്ന് സമീപത്തെ അത്യാഹിത വിഭാഗത്തിലേക്കും തീ പടര്‍ന്നു. തീപ്പിടുത്തമുണ്ടായ സമയത്ത് ഏകദേശം 500 രോഗികള്‍ ആസ്പത്രിയിലുണ്ടായിരുന്നു.അത്യാഹിത വിഭാഗത്തിലേയും ഡയാലിസിസ് വാര്‍ഡിലേയും രോഗികളാണ് മരിച്ചത്. പുകശ്വസിച്ചാണ് കൂടുതല്‍ ആളുകളും മരിച്ചത്.ആസ്പത്രി ജീവനക്കാരും അഗ്‌നിശമന സേനയും ചേര്‍ന്നാണ് രോഗികളേയും കൂട്ടിരുപ്പുകാരെയും രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന്റെ കണ്ണാടിച്ചില്ലുകള്‍ പൊട്ടിച്ചാണ് പല രോഗികളേയും പുറത്തെത്തിച്ചത്.പരിക്കേറ്റവരെ സമീപത്തെ എഎംആര്‍ഐ ആസ്പത്രി, കാപിറ്റല്‍ ആസ്പത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഏഴ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റ് കാപിറ്റല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമേദി നടുക്കം രേഖപ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.