
അബുജ: സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തില്‍ നിന്നും വലിച്ച് താഴെയിറക്കുമെന്ന ഭാര്യയുടെ ഭീഷണിക്കെതിരെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി.ബര്‍ലിനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഭാര്യ ഐഷ ബുഹാരി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹം തുറന്നടിച്ചത്. എന്റെ ഭാര്യ ഏത് പാര്‍ട്ടിയിലാണ് എന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്നെനിക്കറിയാം, വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പുമുറിയിലുമാണ്.
തനിക്ക് ഭാര്യ അയിഷയേക്കാളും പ്രതിപക്ഷാംഗങ്ങളെക്കാളും അറിവുണ്ടെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. സര്‍ക്കാരില്‍ അഴിച്ചുപണി നടത്തിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനെ പിന്തുണയ്ക്കില്ലെന്ന് അയിഷാ ബുഹാരി പറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനുവേണ്ടി അയിഷ പ്രചാരണം നടത്തിയിരുന്നു. അതേസമയം സ്ത്രീകളുടെ സ്ഥാനം അടുക്കളയിലാണെന്ന നൈജീരിയന്‍ പ്രസിഡന്റിന്റെ ഈ പ്രസ്താവന ലോകത്തിലെ ഏറ്റവും ശക്തയായ വനിതകളില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍ കൂടി സന്നിഹിതയായിരുന്ന ചടങ്ങിലായിരുന്നു എന്നതാണ് കൂടുതല്‍ ശ്രദ്ധേയം. സോഷ്യല്‍ മീഡയിയിലും മറ്റു മാധ്യമങ്ങളിലും നൈജീരിയന്‍ പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.