
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.മുഖ്യമന്ത്രിയുമായി അദ്ദേഹം 20 മിനുട്ടോളം ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി മറ്റൊരു സ്വകാര്യ വാഹനത്തിലാണ് ജേക്കബ് തോമസ് എത്തിയത്. ഇ.പി. ജയരാജനെതിരെ വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തുന്നതിനായി മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാനാണ് ഡയറക്ടര്‍ എത്തിയതെന്നാണ് സൂചന. പൊതുപ്രവര്‍ത്തകന്‍ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ, മറ്റുളളവര്‍ക്കോ അന്യായമായി സഹായം ചെയ്യുക, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുളള ശ്രമം നടത്തുക എന്നിങ്ങനെയുളള അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി,15 എന്നിവ പ്രകാരം ജയരാജനെതിരെ കേസെടുക്കണമെന്നാണ് പ്രതിപക്ഷമടക്കം ഉന്നയിക്കുന്നത്. ബന്ധുനിയമനങ്ങളില്‍ തിരുത്തല്‍ നടപടി വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജയരാജനെതിരെ നടപടിക്ക് സാധ്യത കൂടുതലാണ്. തെറ്റ് പറ്റിയിട്ടുണ്ടെന്ന് സര്‍ക്കാരും സമ്മതിച്ചതിനാല്‍ അദ്ദേഹത്തിനെതിരെ ത്വരിത പരിശോധനയുമായി വിജിലന്‍സിന് മുന്നോട്ടു പോകേണ്ടി വരും.