ഇന്ത്യ- പാക് അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനം; 2018 ഡിസംബറോടെ പൂര്‍ണമായും അടയ്ക്കുമെന്ന് രാജ്‌നാഥ് സിങ്; തീരുമാനം അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. 2018 ഡിസംബറോടെ നടപടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് സ്ഥാപിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആഭ്യന്തര മന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ മോഡല്‍ മതില്‍ കെട്ടി അതിര്‍ത്തി അടയ്ക്കാന്‍ കഴിയുമോ എന്നതിന്റെ സാധ്യതകളാണ് ഇന്ത്യ ഇപ്പോള്‍ പരിശോധിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ വലിയ രീതിയില്‍ നുഴഞ്ഞുകയറ്റം തടയാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇന്ത്യപാക് ബന്ധം വഷളായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് സൈന്യത്തില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നതോടെയാണ് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്‌പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനും തീരുമാനിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.