
കൊച്ചി: തിരുനെല്‍വേലിയില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി സുബ്ഹാനി ഐഎസിനു വേണ്ടി യുദ്ധം ചെയ്തിട്ടുള്ള ഭീകരനാണെന്ന് എന്‍ ഐഎ. ഇയാള്‍ ഇറാഖിലാണ് ആയുധപരിശീലനം തേടിയത്. ഇറാഖിലും സിറിയയിലും അഞ്ചുമാസം താമസിച്ചെന്നും ഐഎസിനായി യുദ്ധം ചെയ്‌തെന്നും ഇയാള്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സുഹൃത്തിനു പരുക്കേറ്റതിനെത്തുടര്‍ന്നാണ് തിരികെ വന്നത്. ഐഎസിനായി യുദ്ധം ചെയ്യാന്‍ മൊസൂളിലേക്കാണ് സുബ്ഹാനിയെ നിയോഗിച്ചിരുന്നത്. മാസത്തില്‍ നൂറ് ഡോളര്‍ വീതം ഐഎസില്‍ നിന്ന് ലഭിച്ചുയെന്നും ഇയാള്‍ സമ്മതിച്ചു. ഐഎസിനായി യുദ്ധം ചെയ്തതിന് ഇന്ത്യയില്‍ പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സുബ്ഹി. ഹാജി മൊയ്തീന്‍, അബുമീര്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടുന്നു. തമിഴ്‌നാട് സ്വദേശിയാണെങ്കിലും തൊടുപുഴയിലാണ് താമസം. രാജ്യത്ത് ഭീകരാക്രമണത്തിനു തയാറെടുക്കുകയായിരുന്ന ഐഎസ് ബന്ധമുള്ള ആറു യുവാക്കളെ എന്‍ഐഎ സംഘം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിരുനെല്‍വേലിയില്‍നിന്ന് സുബ്ഹാനിയെ കസ്റ്റഡിയിലെടുത്തത്. മാസങ്ങളായി നിരീക്ഷണത്തിലുള്ള സംഘത്തെ മൂന്നാം തീയതി കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍ യോഗം ചേരുന്നതിനിടെയാണ് എന്‍ഐഎ പിടികൂടിയിരുന്നു. ഇങ്ങനെ പിടികൂടിയവരില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബ്ഹിയെ പിടികൂടിയത്.