ഇന്ത്യ-യുഎസ് സംയുക്ത സൈനിക്കരാറായി; സാങ്കേതികവിദ്യകള്‍ പരസ്പരം കൈമാറും; ലക്ഷ്യം ചൈനയുടെ ഭീഷണിയെ പ്രതിരോധിക്കല്‍

ന്യൂയോര്‍ക്ക്: വര്‍ധിച്ചുവരുന്ന ചൈന ഭീഷണി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയും യുഎസും പരസ്പര സൈനിക വിന്യാസ കരാറില്‍ ഒപ്പിത്. ഇനി മുതല്‍ ഇരുരാജ്യങ്ങളും കര-വ്യോമ-നാവിക സേന താവളങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. പ്രതിരോധ വാണിജ്യ ബന്ധം ഉയര്‍ത്താനും സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിനും യുഎസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.
കരാര്‍ പ്രകാരം ഇന്ത്യയിലെ വ്യോമനാവിക താവളങ്ങളടക്കം പ്രധാന മേഖലകളില്‍ നിന്ന് സൈനിക സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഇതോടെ യുഎസിന് കഴിയും. സൈനിക വാഹനങ്ങളും കപ്പലുകളും ഇന്ത്യന്‍ കേന്ദ്രങ്ങളില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനും കരാറോടെ അമേരിക്കയ്ക്ക് സാധ്യമാകും. തിരിച്ച് ഇന്ത്യക്കും യുഎസിന്റെ സൈനിക താവളങ്ങളും സൗകര്യങ്ങളും ഉപയോഗിക്കാനും സാധ്യമാകും. പ്രതിരോധ മേഖലയില്‍ ഇന്ത്യക്ക് ഗുണം ചെയ്യുന്നതാണ് കരാറെന്നാണ് കേന്ദ്ര സര്‍ക്കാരും നയതന്ത്രജ്ഞരും പറയുന്നത്. പരസ്പര സൈനിക വിന്യാസ കരാറിനെ (ലോജിസ്റ്റിക്സ് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ്-ലെമോവ) സ്വാഗതം ചെയ്ത പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ഈ കരാറിലൂടെ ക്രിയാത്മകമായ ഇടപാടുകളും കൈമാറ്റവും സുഗമമാകുമെന്ന് വ്യക്തമാക്കി. സൈനിക വിന്യാസ കരാര്‍ യുഎസ് സേനയ്ക്ക് ഇന്ത്യയില്‍ കടന്നു വരാനുള്ള അനുമതി നല്‍കുന്നില്ലെന്നും ഇരു കൂട്ടരും വ്യക്തമാക്കുന്നു. സംയുക്തമായ നീക്കങ്ങളില്‍ ശക്തി പകരാനാണ് കരാര്‍ ലക്ഷ്യമിടുന്നതെന്നും ആഷ് കാര്‍ട്ടര്‍ വ്യക്തമാക്കി. ഭീകരവാദം, അയല്‍രാജ്യങ്ങളുടെ ഭീഷണി എന്നിവ ഫലപ്രദമായി നേരിടാന്‍ ഉതകുന്ന പദ്ധതിയെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.