ടോമിന്‍ തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി; എഡിജിപി ആനന്ദ കൃഷ്ണന്‍ പുതിയ ഗതാഗത കമ്മീഷണര്‍; മന്ത്രി എകെ ശശീന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് തീരുമാനം

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എഡിജിപി ആനന്ദ് കൃഷ്ണന്‍ പുതിയ ഗതാഗത കമ്മീഷണര്‍.തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തച്ചങ്കരിയും ഗതാഗതമന്ത്രിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് ഇന്ധനം നല്‍കരുതെന്ന് തച്ചങ്കരി ഉത്തരവിട്ടതിനെ ഗതാഗതമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. തച്ചങ്കരിയുടെ ജന്മദിനത്തിന് ആര്‍ടി ഓഫീസുകളില്‍ ലഡു വിതരണം ചെയ്തതിന് തച്ചങ്കരിയോട് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടു. ഹെല്‍മറ്റ് പരിശോധന ഉള്‍പ്പെടെ കര്‍ശനമായ നടപടികള്‍ ജനങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത് തച്ചങ്കരിയുടെ സാന്നിധ്യത്തില്‍ തന്നെ എ.കെ.ശശീന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഗതാഗതമന്ത്രിയുടെ പരാതിയെ തുടര്‍ന്നാണ് തച്ചങ്കരിയെ മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

© 2025 Live Kerala News. All Rights Reserved.