കാസര്‍ഗോഡ്: കാസര്‍ഗോഡില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ പടന്ന സ്വദേശി ഹഫീസുദ്ദീന്‍ അഫ്ഗാനിസ്ഥാനില്‍. ഞങ്ങള്‍ ഇവിടെ സുഖമായിരിക്കുന്നുവെന്ന് സഹോദരിക്ക് വാട്‌സ്ആപ് സന്ദേശം അയച്ചു. കേരളത്തില്‍ നിന്നും ഉപയോഗിച്ചിരുന്ന നമ്പറില്‍ നിന്നാണ് സന്ദേശം എത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ തോറബോറയില്‍ നിന്നാണ് സന്ദേശം എത്തിയത്.
സംസ്ഥാനത്ത് 21 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം അന്വേഷണം പുരോഗമിക്കവെ പടന്നയില്‍ നിന്നും കാണാതായ ഹഫീസുദ്ദീനാണ് തന്റെ സഹോദരിക്ക് വാട്‌സാപ്പ് വഴി സന്ദേശം അയച്ചിരിക്കുന്നത്. ജില്ലയില്‍ നിന്നും 17 പേരെ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടയിലും ഫെയ്‌സ്ബുക്ക് വഴിയും വാട്‌സാപ്പിലൂടെയും സന്ദേശങ്ങള്‍ ലഭിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. ഇതിനിടയില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കാണാതായ 17 പേരുടെ ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.