ഐസ്‌ക്രീം പാര്‍ലര്‍ കേസിനും ബാര്‍കോഴയ്ക്കും പിന്നാലെ കൃഷ്ണഗിരി ഭൂവിഷയത്തിലും പിണറായി സര്‍ക്കാര്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം നിലകൊണ്ടു; വീരേന്ദ്രകുമാറും സഹോദരന്‍ ചന്ദ്രനാഥും ഭൂമി കയ്യേറിയിട്ടില്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്

സ്വന്തം ലേഖകന്‍

കല്‍പറ്റ: ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാറും സഹോദരന്‍ എം പി ചന്ദ്രനാഥും ഭൂമി കൈയേറിയെന്ന വാദം വാസ്തവിരുദ്ധമാണെന്ന് കാണിച്ച് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ വിവരവും പുറത്തായി. ഐസ്‌ക്രീം പാര്‍ലര്‍ കേസിലും ബാര്‍കോഴക്കേസിലും പി കെ കുഞ്ഞാലിക്കുട്ടിക്കും കെ എം മാണിക്കും അനുകൂലമായി നിന്ന വിവാദങ്ങള്‍ക്കിടെയാണ് പിണറായി സര്‍ക്കാര്‍ വയനാട്ടിലെ കൃഷ്ണഗിരി ഭൂവിഷയത്തില്‍ എം പി വീരേന്ദ്രകുമാറിന് വേണ്ടിയും നിലകൊണ്ടതായുള്ള തെളിവുകള്‍ പുറത്തായത്. എം പി വീരേന്ദ്രകുമാറിന്റെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് സിപിഎം നേതാവ് പി കൃഷ്ണപ്രസാദും മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി രാജനുമാണ് പരാതി നല്‍കിയത്. ഈ പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ചെന്നും എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്നുമാണ് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചത്. ഈ സത്യവാങ്മൂലം തള്ളിക്കളഞ്ഞ കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പിണറായി വിജയന്‍ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോഴാണ് ഇങ്ങനെയൊരു സത്യവാങ്മൂലം കോടതിയിലെത്തിയത്. വയനാട് ഭൂസമരവിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.

vigilance-report-veeran-768x569

വീരേന്ദ്രകുമാറും ശ്രേയാംസ് കുമാറും ഭൂമി കയ്യേറിയതായി അന്വേഷണത്തില്‍ വ്യക്തമായ കാര്യം 2005ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിപോലും കേരള നിയമസഭയില്‍ സമ്മതിച്ചിട്ടുള്ളതാണ്. പി ടി തോമസിന്റെ ചോദ്യത്തിനുളള മറുപടിയായിരുന്നിത്. വീരേന്ദ്രകുമാറും മകനും ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് വയനാട് പോലീസ് സൂപ്രണ്ട് അന്വേഷിച്ചുവെന്നും വസ്തുവിന്റെ ഉടമസ്ഥത സംബന്ധിച്ച ഒരു രേഖയും ഇരുവരും ഹാജരാക്കിയില്ലെന്നും ഉമ്മന്‍ചാണ്ടി മറുപടിയിലൂടെ വ്യക്തമാക്കുകയുണ്ടായി. ഭൂമി കൈയേറ്റത്തെക്കുറിച്ചും മറിച്ചുവില്‍പനയെക്കുറിച്ചും 1988ല്‍ വയനാട് സബ് കളക്ടറായിരിക്കെ ഇന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി മാരാപാണ്ഡ്യന്‍ നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാണ്. കൂടാതെ വയനാട്ടിലെ കൃഷ്ണഗിരിയിലുളള ഭൂമി തിരിച്ചുനല്‍കണമെന്ന് കേരള ഹൈക്കോടതി 2011 ജൂണില്‍ ശ്രേയാംസ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. സ്വമേധയാ തിരിച്ചുനല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും ജസ്റ്റിസ് സിരിജഗന്റെ ഉത്തരവിലുണ്ടായിരുന്നു. ഇതിനിടെ പ്രസ്തുത ഭൂമി കുടിയാന്‍ വ്യവസ്ഥയില്‍ ശ്രേയാംസ്‌കുമാറിന് പതിച്ചുനല്‍കാന്‍ കഴിഞ്ഞസര്‍ക്കാറിന്റെ കാലത്ത് ലാന്‍ഡ് ട്രിബ്യൂണല്‍ ഉത്തരവിട്ടപ്പോള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്ന സിപിഎമ്മാണ് അധികാരം ലഭിച്ചപ്പോള്‍ വീരനും മകനും അനുകൂലമായി നിലകൊണ്ടത്.

© 2025 Live Kerala News. All Rights Reserved.