ഗുരു ചേമഞ്ചേരിയുടെ നൂറാം പിറന്നാളാഘോഷിക്കാന്‍ നാടൊരുങ്ങി

കൊയിലാണ്ടി: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നൂറാം പിറന്നാളാഘോഷിക്കാന്‍ ചേലിയ ഗ്രാമം ഒരുങ്ങി. മിഥുനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ഗുരുവിന്റെ ജനനം. ജീവിതം കലയ്ക്കായി സമര്‍പ്പിച്ച ഈ ധന്യാത്മാവ് നൂറാം പിറന്നാളാഘോഷിക്കുമ്പോഴും അരങ്ങില്‍ സജീവം. മകനോടൊപ്പം വിദേശയാത്ര കഴിഞ്ഞ് ഇപ്പോള്‍ തിരിച്ചെത്തിയിട്ടേയുള്ളൂ അദ്ദേഹം. ജൂലൈ 12ന് ആരംഭിക്കുന്ന ജന്മദിനാഘോഷം നിറപ്പകിട്ടോടെ കൊണ്ടാടാന്‍ ഗുരുവിന്റെ ശിഷ്യരും നാട്ടുകാരും വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കാണ് രൂപം നല്‍കുന്നത്. കേരളത്തിലങ്ങോളമിങ്ങോളം നൂറ് വേദികളിലായി നൂറ് അരങ്ങുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 12ന് ആരംഭിക്കുന്ന കലാരംഭം ഒരു വര്‍ഷം നീണ്ടുനില്‍ക്കും. 12ന് ഗുരുവിന്റെ കലാഗൃഹമായ ചേലിയ കഥകളി വിദ്യാലയത്തില്‍ സൗഹൃദ സംഗമം നടക്കും. ഉച്ചയ്ക്ക് പിറന്നാള്‍ സദ്യ. വൈകീട്ട് ശത സംക്രമ സദസ്സ് എന്നിവ നടക്കും. ചേലിയ ഇലാഹിയ കോളേജ് ഗ്രൗണ്ടില്‍ കലമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ 100 വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന ശത പഞ്ചാരിമേളം, തുടര്‍ന്ന് പ്രേംകുമാര്‍ വടകരയും സുനില്‍ തിരുവങ്ങൂരും സംഗീത സംവിധാനം നിര്‍വ്വഹിച്ച ശത സംക്രമ ഗാനസന്ധ്യയും നടക്കും. മേലുര്‍ വാസുദേവനാണ് ഗാനരചന നിര്‍വഹിച്ചത്. ആഘോഷ പരിപാടിയില്‍ കലാസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കഥകളിയില്‍ ഗുരു അവതരിപ്പിച്ച കൃഷ്ണവേഷങ്ങള്‍ കോര്‍ത്തിണക്കിയ കൃഷ്ണപര്‍വ്വം എന്ന പ്രത്യേക പരിപാടിയും അരങ്ങേറും. ഗുരുവിന്റെ 90-ാം പിറന്നാളും ചേലിയ ഗ്രാമം ഉത്സവച്ഛായയില്‍ കൊണ്ടാടിയിരുന്നു.

© 2025 Live Kerala News. All Rights Reserved.