തിരുവനന്തപുരം: എക്സൈസ് കമ്മീഷണറായി സിങ്കമെത്തിയപ്പോഴേ അബ്കാരി മാഫിയകള്‍ വിറച്ചിരുന്നു. ഇപ്പോഴിതാ നടപടിയും തുടങ്ങി. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് അനധികൃത മദ്യവില്‍പ്പനയ്ക്കെതിരെയായിരുന്നു റെയ്ഡ്. ബാറുകളിലും കള്ളുഷാപ്പുകളിലും എക്സൈസ് സംഘം പരിശോധന നടത്തി. റെയ്ഡില്‍ അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയ ബിയര്‍ പാര്‍ലര്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. അര്‍ച്ചന ബിയര്‍ പാര്‍ലറാണ് പൂട്ടാന്‍ ഉത്തരവിട്ടത്. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. അര്‍ച്ചന ബാറിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കടയിലെ ഒരു കള്ളുഷാപ്പില്‍ നിന്നും പഴക്കമുള്ള 30 ലിറ്റര്‍ കള്ള് പിടികൂടി. ഇതിനെ തുടര്‍ന്ന് കള്ളുഷാപ്പിനെതിരെയും നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 48 മണിക്കൂര്‍ പഴക്കമുള്ള കള്ളാണ് ഇവിടെ നിന്നും പിടികൂടിയത്. ശക്തമായ നടപടികളിലേക്ക് വരുംദിവസങ്ങളില്‍ നീങ്ങുമെന്ന് അദേഹം സൂചന നല്‍കി കഴിഞ്ഞു.