കുവൈത്തിലേക്കുള്ള ആരോഗ്യ പരിശോധനാ ഫീസ് വെട്ടിക്കുറച്ചു

മുംബൈ: കുവൈത്തിലേക്കു പോകുന്നതിനുള്ള ആരോഗ്യ പരിശോധനാ ഫീസ് ഖദാമത്ത് ഏജന്‍സി വെട്ടിക്കുറച്ചു. 24,000 രൂപയില്‍ നിന്ന് 16,000 രൂപയാക്കിയാണ് കുറച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നടപടി. ഫീസ് കൂട്ടിയതിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് കൊച്ചിയിലെ ഓഫിസ് പൊലീസ് പൂട്ടിയിരുന്നു. തുടര്‍ന്ന് മുംബൈയിലായിരുന്നു അമിത ഫീസ് ഈടാക്കിയുള്ള പരിശോധന നടന്നിരുന്നത്.

കായികക്ഷമത പരിശോധനയ്ക്ക് നേരത്തെയുണ്ടായിരുന്ന 3,500 രൂപയുടെ ഫീസാണ് 24,000 ആക്കി വര്‍ധിപ്പിച്ചിരുന്നത്. ഇതിനു പിന്നാലെ കേരളത്തിലുണ്ടായിരുന്ന ഓഫിസ് അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പ്രവാസികാര്യ മന്ത്രാലയത്തിനും മഹാരാഷ്ട്ര ലീഗല്‍ മെട്രോളജി വകുപ്പിനും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഫീസ് കുറച്ചുകൊണ്ട് തീരുമാനമായത്. എന്നാല്‍ ഇത് നിലവില്‍ വന്നിട്ടില്ല.

© 2025 Live Kerala News. All Rights Reserved.