യുവരാജ് സിംഗ് ലോകകപ്പില്‍ നിന്ന് പുറത്തേക്ക്; മനീഷ് പാണ്ഡെ യുവിക്ക് പകരം ടീമില്‍

മൊഹാലി: ഓസ്‌ട്രേലിയക്കെതിരേ സൂപ്പര്‍ ടെന്‍ മത്സരത്തിനിടെ ഇന്ത്യന്‍ താരം യുവരാജ് സിംഗിന് കാല്‍ക്കുഴയ്‌ക്കേറ്റ പരുക്ക് കാരണം ലോകകപ്പില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. യുവരാജിന്റെ പരുക്ക് ഗുരുതരമാണെന്നും ഉടന്‍ ഭേദമാകില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കര്‍ണ്ണാടക യുവതാരം മനീഷ് പാണ്ഡെ യുവിക്ക് പകരം ടീമിലെത്തിയേക്കും. പര്യടനത്തിലെ അഞ്ചാം ഏകദിനത്തില്‍ മികച്ചൊരു ഇന്നിംഗ്‌സോടെ സെഞ്ചുറി നേടിയ പാണ്ഡെയെ തുടക്കത്തില്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള മത്സരത്തില്‍ ഒരു ഷോര്‍ട്ട് പിച്ച് പന്ത് ബാക്ക്ഫുട്ടിലൂന്നി ഫൈന്‍ ലെഗിലേക്ക് തിരിച്ചുവിട്ട ശേഷം വളരെ വേഗത്തില്‍ റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവിക്ക് പരുക്കേറ്റത്. വേദനയെത്തുടര്‍ന്ന് പിച്ചിലിരുന്ന യുവിയെ ഫിസിയോ എത്തി ചികിത്സിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും ക്രീസില്‍ തുടര്‍ന്ന യുവി ഓരോ റണ്‍സ് ഓടിയെടുക്കുമ്പോഴും വേദന കൊണ്ട് പുളയുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.