തിരുവനന്തപുരം: കെ.ബാബു മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുന്നതില്‍ അപാകതയില്ലെന്നും കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ബാബുവിനെതിരായ വിജിലന്‍സ് കോടതി വിധി അപ്രസക്തമായതായും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. അതിനാല്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത് സ്വാഭാവികം. മന്ത്രിസഭയിലേക്ക് മടങ്ങി വരുന്നതിനെ കുറിച്ച് കെ.എം.മാണി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന് അസഹിഷ്ണുതയാണ്. മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി.ശ്രീനിവാസനെ ആക്രമിച്ചതിനെ ആദ്യം അനുകൂലിച്ചത് അതുകൊണ്ടാണ്. അക്രമികളെ ന്യായീകരിച്ച പിണറായി സിപിഎമ്മിന്റെ യഥാര്‍ഥ മുഖം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം മുറിവില്‍ മുളകു തേക്കുന്നതു പോലെയായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍. കെപിസിസി പ്രസിഡന്റ് വിഎം സുധീരനും അഴിമതിയോട് സമരസപ്പെട്ടിരിക്കുന്നു. ബാബുവിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടു വന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വയരക്ഷാ തന്ത്രമാണ്. എങ്കിലെ ഉമ്മന്‍ചാണ്ടിക്ക് മന്ത്രിസഭയില്‍ തുടരാന്‍ കഴിയു. അതിനുള്ള തന്ത്രങ്ങളാണ് മെനഞ്ഞതെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടി രാജി വച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ അഴിമതിക്കാരും കള്ളന്‍മാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മന്ത്രിസഭയിലേക്കുള്ള കെ ബാബുവിന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങള്‍ കള്ളക്കള്ളികള്‍ പുറത്തുകൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു.