പാക് വ്യോമാക്രമണത്തിൽ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പട്ടതിനെത്തുടർന്ന് ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിൻമാറി അഫ്ഗാനിസ്ഥാൻ. അടുത്തമാസം 5 മുതൽ 29വരെയായിരുന്നു പാകിസ്താനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പര പാകിസ്താനിൽ നടക്കേണ്ടിയിരുന്നത്.
അഫ്ഗാനിസഥാനിലെ പാക്തിക പ്രവിശ്യയിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ അടക്കം എട്ട് പേർ കൊല്ലപ്പെട്ടത്.കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് മരിച്ചത്. പാക് അതിർത്തിയിലെ കിഴക്കൻ പക്തിക പ്രവിശ്യയിലെ ഷരണയിൽ സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനായി ഉർഗുണിൽ നിന്നെത്തിയതാണ് ഇവരെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) അറിയിച്ചു.
ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു. പാക് ഭരണകൂടത്തിനെതിരേ ശക്തമായ ഭാഷയിലാണ് എസിബി പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്സിൽ കുറിച്ചു.