ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കേരളത്തില്‍ത്തന്നെ; ജനുവരിയില്‍ കോഴിക്കോടിന്റെ മണ്ണില്‍ തുടക്കമാകും; കായികപ്രേമികളില്‍ ആവേശം

ന്യൂഡല്‍ഹി: ഇത്തവണത്തെ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കേരളത്തില്‍ നടത്താനാണ് തീരുമാനമായത്. മീറ്റ് നടത്താനുള്ള കേരളത്തിന്റെ സന്നദ്ധത ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ അംഗീകരിച്ചു. ജനുവരി അവസാനവാരം കോഴിക്കോടിന്റെ മണ്ണില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. മഹാരാഷ്ട്രയിലെ നാസിക്കിലും പുണെയിലുമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മേള നടത്താനായിരുന്നു ആദ്യ തീരുമാനം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മേള നടത്താനുള്ള നീക്കം വലിയ വിവാദമായതോടെ അസൗകര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര പിന്‍മാറി. നിയമസഭാ തിരഞ്ഞെടുപ്പും എസ്എസ്എല്‍സി പരീക്ഷയുമായിരുന്നു കേരളം ചൂണ്ടിക്കാട്ടിയ അസൗകര്യങ്ങള്‍. മേള നടത്താന്‍ വേണ്ടിവരുന്ന വലിയ സാമ്പത്തിക ബാധ്യതയും കേരളത്തെ പിന്‍തിരിപ്പിച്ചു. തുടര്‍ന്ന് ഗോവയില്‍ മേള നടത്താനായിരുന്നു ആലോചന. ഗോവ സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ കായിക പ്രേമികളുടേയും ജനപ്രതിനിധികളുടേയും സമ്മര്‍ദത്തെത്തുടര്‍ന്ന് മേള നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കേന്ദ്രകായികമന്ത്രിയെ കണ്ടും ഈ ആവശ്യമുന്നയിച്ചു. കായികപ്രേമികളില്‍ ആവേശം നിറച്ചാണ് അത്‌ലറ്റിക് മീറ്റ് സാമൂതിരിയുടെ നാട്ടില്‍ വിരുന്നെത്തുക.

© 2025 Live Kerala News. All Rights Reserved.