ജഡ്ജിമാരെക്കുറിച്ചുള്ള പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ പുതിയ ബില്‍ വരുന്നു; കേന്ദ്രനിയമമന്ത്രിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്

ന്യൂഡല്‍ഹി: ജഡ്ജിമാരെക്കുറിച്ചുള്ള പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ പുതിയ ബില്‍ ഉടന്‍ പാസാക്കുമെന്ന് കേന്ദ്ര നിയമന്ത്രി സദാനന്ദ ഗൗഡ. ജുഡീഷ്യറി സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇതുകൊണ്ടും കഴിയും. നേരത്തെ അവതരിപ്പിച്ച ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്റ് അക്കൗണ്ടബിലിറ്റി ബില്ല് നേരത്തെ അസാധുവായിരുന്ന സാഹചര്യത്തിലാണ് പുതിയ ബില്ലിനെ കുറിച്ച് നിയമമന്ത്രി സദാനന്ദ ഗൗഡ സൂചന നല്‍കിയത്. യുപിഎ സര്‍ക്കാരാണ് 15ആം ലോക്‌സഭ കാലയളവില്‍ ബില്ല് അവതരിപ്പിച്ചത്. 2012ല്‍ ലോക്‌സഭ പാസാക്കിയ ബില്ല് രാജ്യസഭയില്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് അസാധുവായത്. ജുഡീഷ്യറിയില്‍ നിന്നും ജൂറിസ്റ്റുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബില്ല് അസാധുവായത്.സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും മറ്റു താഴ്ന്ന കോടതികളിലേയും ജഡ്ജിമാരുടെ മോശമായ പെരുമാറ്റത്തെ കുറിച്ചുള്ള പരാതികളടക്കം പരിശോധിക്കാനുള്ള സംവിധാനമാണ് പുതിയ ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ജുഡീഷ്യറി സംവിധാനത്തിന്റെ പ്രവര്‍ത്തനം ബലപ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി നിയമനിര്‍മ്മാണ ഉപാധികള്‍ പാര്‍ലമെന്റിന് മുന്നിലെത്തിയതാണെന്ന് സൂചിപ്പിച്ച സദാനന്ദ ഗൗഡ, നേരത്തെ അസാധുവായ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ല് പുന:പരിശോധിക്കുകയാണെന്നും ആവശ്യമായ മാറ്റങ്ങള്‍ ചര്‍ച്ചകളിലൂടെ വരുത്തി അവതരിപ്പിക്കുമെന്നും നിയമമന്ത്രി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.