കൊച്ചി; അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലെ ജോഡികളായ നിവിന്‍പോളിയും സായ്പല്ലവിയും വീണ്ടും ഒന്നിക്കുന്നത് ആക്ഷന്‍ ഹീറോ ബിജുവിലൂടെയെന്നത് ചിത്രത്തിന്റെ അണിയറക്കാര്‍ തള്ളിയെങ്കിലും അതിഥിവേഷത്തിലെങ്കിലും മലര്‍ വരുമെന്നാണിപ്പോള്‍ കേള്‍ക്കുന്നത്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്റെ നായികയായി സായി എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സായി അല്ല, അനു ഇമ്മാനുവലാണ് നായിക എന്ന് പിന്നീട് വ്യക്തമാക്കി. ഇപ്പോള്‍ വീണ്ടും ആ കിംവദന്തി പരക്കുന്നു. ആക്ഷന്‍ ഹീറോ ബിജുവിന്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ഒരു അതിഥി താരമായി സായി പല്ലവി എത്തുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രേമം എന്ന ചിത്രത്തിലൂടെയാണ് തമിഴ്‌നാട്ടിലെ ഊട്ടിക്കാരിയായ സായി പല്ലവി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പ്രേമം എന്ന ചിത്രത്തെ സംബന്ധിച്ച് പ്രേക്ഷകര്‍ ഏറ്റവും ആസ്വദിച്ച് കണ്ട ഭാഗവും നിവിന്റെയും സായി പല്ലവിയുടെയും കോമ്പിനേഷന്‍ സീനുകളാണ്.
പ്രേമത്തിലെ ജോഡി പൊരുത്തം ഒന്നിച്ചതോടെ ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ പരന്നു. 1983 എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്റെ നായിക സായി പല്ലവിയാണെന്നായിരുന്നു വാര്‍ത്തകള്‍
നിവിന്‍ പോളി ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രം, ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്നൊക്കെയുള്ള പ്രത്യേകതയുമായാണ് ആക്ഷന്‍ ഹീറോ ബിജു തിയേറ്ററിലെത്തുന്നത്. ജനുവരി 22 ന് സിനിമ റിലീസ്. എന്നാല്‍ സായ് പല്ലവിയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.