തിരുവനന്തപുരം: ദോശ ചുടുന്നപോലെ ബില്‍ പാസാക്കാനാകില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് സ്പീക്കര്‍ എന്‍.ശക്തന്‍
നിയമസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.ചെന്നിത്തലയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് ഇന്ന് സഭാ നടപടികള്‍ നിയന്ത്രിക്കുന്നത്. ചൊവാഴ്ച പ്രവാസിക്ഷേമ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ സ്പീക്കര്‍ ഇടപെട്ടിരുന്നു. ഈ സമയത്താണ് ചെന്നിത്തല ഇങ്ങനെ പ്രതികരിച്ചത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പോകേണ്ടതിനാലാണ് ഇടപെട്ടതെന്ന് ഇനി ഇടപെടില്ലെന്നും സ്പീക്കര്‍ അപ്പോള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ഓഫീസിലെത്തിയെങ്കിലും സഭയിലേക്ക് പ്രവേശിക്കാതെ സ്പീക്കര്‍ വിട്ടുനില്‍ക്കുകയാണ്. മൂന്നു ബില്ലുകളിലാണ് ഇന്നലെ നിയമസഭയില്‍ ചര്‍ച്ചനടന്നത്. ഹിന്ദു പിന്തുടര്‍ച്ച അവകാശ ബില്‍ പരിഗണിക്കവെ തന്നെ അംഗങ്ങള്‍ ചുരുക്കി സംസാരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചു. പിന്നീട് പ്രവാസിക്ഷേമ ബില്ലിന്മേല്‍ എന്‍.എ നെല്ലിക്കുന്ന് സംസാരിക്കുമ്പോള്‍ ചുരുക്കിപ്പറയണമെന്ന് സ്പീക്കര്‍ വീണ്ടും നിര്‍ദേശിച്ചു. ഈ ഘട്ടത്തിലാണ് ആഭ്യന്തരമന്ത്രി ദോശ ചുടുന്ന പോലെ ബില്‍ പാസാക്കാനാകില്ലെന്ന് പറഞ്ഞത്. തനിക്ക് വേണ്ടിയല്ല നടപടികള്‍ വേഗത്തിലാക്കുന്നതെന്നും നിങ്ങള്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നതിനായിട്ടാണെന്ന് സ്പീക്കര്‍ മറുപടി നല്‍കി.