കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും; അമിത് ഷാ കുമ്മനത്തെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു

കൊച്ചി: ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് കേരള അധ്യക്ഷനാക്കാനെന്ന് സൂചന. ബി.ജെ.പി കേരള സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള പാര്‍ട്ടി കേന്ദ്രസംസ്ഥാന നേതൃയോഗം നാളെ ചേരാനിരിക്കെയാണ്‌രാവിലെയുള്ള വിമാനത്തില്‍ കുമ്മനം ഡല്‍ഹിയിലേക്ക് പോയത്. നാളെ ഡല്‍ഹിയില്‍ നടക്കുന്ന ബി.ജെ.പി. നേതാക്കളുടെ യോഗത്തില്‍ കുമ്മനം പങ്കെടുക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുമ്മനം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് കുമ്മനം രാജശേഖരനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം. ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരായ ആര്‍ ബാലശങ്കറിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ പ്രഥമ പരിഗണന കുമ്മനത്തിന് തന്നെയാകുമെന്നാണ് വിവരം. പാര്‍ട്ടി പറഞ്ഞാല്‍ കുമ്മനം സ്ഥാനം ഏറ്റെടുക്കുമെന്നാണ് അദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

© 2025 Live Kerala News. All Rights Reserved.