പാര്‍ലമെന്ററി മോഹം ഈ ജന്മത്തിലുണ്ടാകില്ല; ശിവഗിരിയിലെ ചില സന്ന്യാസിമാരുടെ ഭാവം തങ്ങള്‍ പ്രധാനമന്ത്രിയാണെന്നെന്നും വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പാര്‍ലമെന്റി വ്യമോഹത്തിന് താന്‍ അടിമയല്ലെന്നും ഈ ജന്മത്തില്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ താനില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ത്രിതലപഞ്ചായത്ത്-നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിക്കുകയില്ല.
പ്രധാനമന്ത്രിയെക്കാള്‍ വലിയവര്‍ തങ്ങളാണെന്ന അഹങ്കാരമാണ് ശിവഗിരിയിലെ സന്യാസിമാര്‍ക്കെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരി മഠത്തില്‍ ക്ഷണിക്കാതെ ആര്‍ക്കും പോകാമെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുളളവരാണ് ഈ സന്യാസിമാരെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ശിവഗിരി മഠത്തില്‍ വരുന്നത് തങ്ങളുടെ ക്ഷണമില്ലാതെയാണെന്ന ശിവഗിരി മഠത്തിലെ സന്യാസി സമൂഹത്തിന്റെ പ്രസ്താവന അനവസരത്തില്‍ ആയിപ്പോയെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. നേരത്തെ നരേന്ദ്രമോഡി വരുന്നത് അറിയിച്ചിട്ടുണ്ടെന്നും, ക്ഷണിക്കാതെയാണ് വരുന്നതെന്നും, നരേന്ദ്രമോഡി വരുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംബരാനന്ദ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇത് വിവാദമാകുകയും ശിവഗിരി മഠത്തിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും, മഠത്തിന്റെ കത്ത് താനാണ് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഇന്നലെ അറിയിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ശിവഗിരിയിലെ സന്ന്യാസിമാരെ വെള്ളാപ്പള്ളി കടുത്തഭാഷയില്‍ വിമര്‍ശിച്ചത്.

© 2025 Live Kerala News. All Rights Reserved.