തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര ഇന്ന് ശംഖുമുഖത്ത് സമാപിക്കുന്നതോടെ അദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടിയുണ്ടായേക്കും.അതേസമയം സമാപനത്തിനു മുന്നോടിയായി നടക്കുന്ന പൊതുസമ്മേളനത്തില്‍ എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനവും ഉണ്ടാകും. ജാഥാ ക്യാപ്റ്റനായ വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടിയുടെ പേരും കൊടിയും ചിഹ്നവും പ്രഖ്യാപിക്കും. ഭാരത് ധര്‍മജന സേന പാര്‍ട്ടി എന്ന പേര് പരിഗണിക്കുന്നുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മതേതര നാമം ആയിരിക്കും സ്വീകരിക്കുകയെന്നും എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി അഞ്ചുലക്ഷത്തിലധികം പേര്‍ സമാപനസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. ജാഥയ്ക്കുശേഷം കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മരിച്ച നൗഷാദിന്റെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാരത്തെ പരിഹസിച്ചതിന്റെ പേരില്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ആലുവയില്‍ വച്ച് നടന്ന വിവാദ പരാമര്‍ശം വര്‍ഗീയധ്രുവീകരണത്തിന് വഴിവെയ്ക്കുമെന്നതിനാലാണ് അറസ്റ്റ്. പൊലീസ് നടപടി കടുത്താല്‍ പ്രവര്‍ത്തകരെ ഇറക്കി നേരിടാനാണ് എസ്എന്‍ഡിപിയുടെ തീരുമാനം. ഇത് മനസ്സിലാക്കി അറസ്റ്റ് വൈകിപ്പിച്ചേക്കുമെന്നും വിവരമുണ്ട്.