അമേരിക്കന്‍ അതിര്‍ത്തി മുസ്ലിങ്ങള്‍ക്കായി അടച്ചിടണം; അമേരിക്കയിലേക്ക് മുസ്ലിങ്ങള്‍ വരേണ്ടെന്നും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ അതിര്‍ത്തി മുസ്ലിങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് അടച്ചിടണമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. മുസ്ലിംകള്‍ക്ക് അമേരിക്കയോടുള്ള മനോഭാവം രാജ്യത്തെ ജനപ്രതിനിധികള്‍ മനസ്സിലാക്കുന്നത് വരെയാകണം ഇത്. സൗത്ത് കരോലിനയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപിന്റെ വിവാദ പരാമര്‍ശം. ് കാലിഫോര്‍ണിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയിലേക്കുള്ള മുസ്ലിംകളുടെ വരവ് തടയണമെന്ന് ട്രംപ് ആവശ്യപ്പെടുന്നത്. സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസിയുടെ സര്‍വെ പ്രകാരം അമേരിക്കയിലെ 25 ശതമാനം മുസ്ലിംകളും അമേരിക്കക്കാര്‍ക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കുന്നുവെന്നാണ് കാണിക്കുന്നത്. എവിടെ നിന്നാണ് ഈ വിദ്വേഷം വരുന്നതെന്നും എന്തുകൊണ്ടാണിതെന്നും നമ്മള്‍ തിട്ടപ്പെടുത്തേണ്ടതുണ്ട്. ഇത് മനസ്സിലാക്കാനായില്ലെങ്കില്‍ മനുഷ്യ ജീവനു ഒരു വിലയും കല്‍പിക്കാത്ത ജിഹാദില്‍ മാത്രം വിശ്വസിക്കുന്നയാളുകളുടെ ഭീകര ആക്രണമങ്ങള്‍ക്ക് രാജ്യം ഇരയാകേണ്ടിവരുമെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. ടൂറിസ്റ്റുകളടക്കമുള്ള മുസ്ലിംകള്‍ക്ക് പോലും അമേരിക്കയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

am

മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ശ്രദ്ധ നേടിയ ട്രംപിന്റെ പുതിയ പ്രസ്താവന അമേരിക്കയില്‍ ഇസ്ലാം ഭീതി വളര്‍ത്തുമെന്ന ആക്ഷേപം ശക്തമാണ്. ട്രംപിനെതിരെ വൈറ്റ് ഹൗസില്‍ നിന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വിരുദ്ധമായ പ്രസ്താവനയാണ് ട്രംപ് നടത്തിയതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഫാസിസ്റ്റ് വാചകകസര്‍ത്തുകാരനെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ട്രംപിനെ വിശേഷിപ്പിച്ചത്. ട്രംപിന് ബുദ്ധിഭ്രമം ബാധിച്ചിരിക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ സഹോദരനുമായ ജെബ് ബുഷ് വിമര്‍ശിച്ചു. കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാഡിനോയില്‍ കഴിഞ്ഞ ബുധനാഴ്ച്ചയുണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെപ്തംബര്‍ 11 ആക്രമണത്തിന് ശേഷം അമേരിക്കയിലുണ്ടായ വലിയ ഭീകരാക്രമണമാണിത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരായ ദമ്പതികളാണ് വെടിവെപ്പ് നടത്തിയത്. ഇവരെ പൊലീസ് വെടിവെച്ചുകൊന്നു. ഇത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം.

© 2025 Live Kerala News. All Rights Reserved.