ന്യൂഡല്‍ഹി: 800 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ആദ്യമായി ഒരു ഹിന്ദു പ്രധാനമന്ത്രിയായെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതായി സിപിഎമ്മിലെ മുഹമദ് സാലിം. തനിക്കെതിരെ ഗുരുതര ആരോപണമാണ് സലിം ഉന്നയിച്ചതെന്നും അദ്ദേഹം മാപ്പുപറയണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. സലിം പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചതോടെ ചര്‍ച്ച നിര്‍ത്തിവെച്ച് സഭ തല്‍ക്കാലത്തേക്ക് പിരിഞ്ഞു. രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 193ാം ചട്ടപ്രകാരമാണ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുമതി നല്‍കിയത്. ചര്‍ച്ച തുടങ്ങും മുമ്പ് അസഹിഷ്ണുത എങ്ങനെ നിര്‍ത്തലാക്കാമെന്നതില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷത്തന്റെ അഭിപ്രായമാരാഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ സിപിഎം നേതാവ് മുഹമ്മദ് സലിമിനെ പ്രസംഗിക്കാന്‍ ക്ഷണിക്കുകയായിരുന്നു. യുക്തിബോധമുള്ള മതനിരേക്ഷ രാഷ്ട്രമാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് പറഞ്ഞാണ് സലിം പ്രസംഗം തുടങ്ങിയത്. ജനാധിപത്യം സംവാദവും ചര്‍ച്ചയും ഭിന്നാഭിപ്രായവും ഉള്‍ക്കൊള്ളുന്നതാണ്.
ടൈംസ് സ്‌ക്വയറിലെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാം. പക്ഷെ സ്വന്തം നാട്ടിലേത് കേള്‍ക്കാനാവുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 800 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു ഹിന്ദു പ്രധാനമന്ത്രിയായെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതായും സലിം കുറ്റപ്പെടുത്തി. ഈ പ്രസ്താവന ഭരണകക്ഷി അംഗങ്ങളെ ചൊടിപ്പിച്ചു. ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു. എന്നാല്‍ താന്‍ ഒരു മാഗസിനെ ഉദ്ധരിച്ചാണ് പറഞ്ഞതെന്നും നിഷേധിക്കുന്നുണ്ടെങ്കില്‍ രാജ്‌നാഥ് മാഗസിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാകട്ടെയെന്നും സലിം പറഞ്ഞു. എന്നാല്‍ തന്റെ പാര്‍ലമെന്ററി ജീവിതത്തില്‍ ഇതുവരെ ഇത്രയധികം വേദനിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഒരു ആഭ്യന്തര മന്ത്രി അത്തരം പ്രസ്താവന നടത്തിയെങ്കില്‍ ആ പദവിയില്‍ തുടരാന്‍ അദ്ദേഹം യോഗ്യനല്ലെന്നും രാജ്‌നാഥ് പറഞ്ഞു. തനിക്കെതിരെ മുഹമ്മദ് സലിം ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചതെന്നും ഇത്തരം പ്രസ്താവന താന്‍ എവിടെയാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇല്ലെങ്കില്‍ സലിം മാപ്പു പറയണമെന്നും രാജ്‌നാഥ് ആവശ്യപ്പെട്ടു. സഭയില്‍ അംഗം മുറുകിയതോടെ സ്പീക്കര്‍ ഇടപെട്ടെങ്കിലും ഫലിച്ചില്ല. തുടര്‍ന്നാണ് സഭ താല്‍ക്കാലികമായി പിരിഞ്ഞത്.