അസഹിഷ്ണുതയില്‍ കേന്ദ്രസര്‍ക്കാറിനെ അരിഞ്ഞുവീഴ്ത്തി സോണിയഗാന്ധി; മതേതരത്വം എന്ന വാക്ക് ദുരൂപയോഗപ്പെടുത്തിയതായി രാജ്‌നാഥ് സിങ്; ലോക്‌സഭ പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് സാക്ഷിയായി

ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റെടുത്തത് മുതല്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് സോണിയ ഗാന്ധി ലോക്‌സഭയില്‍ കത്തിക്കയറിയത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രത്യാക്രമണത്തോടെ ഭരണഘടനാ ദിനാചരണത്തില്‍ പാര്‍ലമെന്റില്‍ പ്രക്ഷുബ്ധരംഗങ്ങളാണ് അരങ്ങേറിയത്.  ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നതായി സോണിയ കുറ്റപ്പെടുത്തി. ആഹ്ലാദത്തിന്റെ ദിനം ദു:ഖത്തിന്റെ കാലമായിരിക്കുന്നു. നമ്മെ നയിക്കുകയും രാജ്യത്തിന് ശക്തിപകരുകയും ചെയ്യുന്ന ഭരണഘടനാ മൂല്യങ്ങള്‍ അപകടകരമായ നിലയിലായിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് നടക്കുന്ന സംഭവങ്ങളെല്ലാം ഭരണഘടനാ തത്വങ്ങളെ ശക്തിപ്പെടുത്തുന്നതല്ല, പകരം ദുര്‍ബലപ്പെടുത്തുന്നതാണ്. ഭരണഘടനാ നിര്‍മാണത്തില്‍ ഒരുപങ്കും വഹിക്കാത്തയാളുകള്‍ ആ ഭരണഘടന സത്യം ചെയ്ത് ഇന്ന് അധികാരത്തിലിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ തമാശ. പാവങ്ങള്‍ക്കും മതേതരത്ത്വ മൂല്യങ്ങള്‍ക്കും തുല്യ പരിഗണന നല്‍കിയുള്ളതാണ് നമ്മുടെ ഭരണഘടനയെന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് സോണിയ കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി.

rajnath-singh_650x400_81448524557

ഭരണഘടനാ ദിനാചരണത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ട ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പരാമര്‍ശങ്ങള്‍ ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. അംബ്ദേകര്‍ ഒരിക്കല്‍പോലും താന്‍ രാജ്യം വിടുകയാണെന്ന് പറഞ്ഞില്ലെന്നായിരുന്നു രാജ്‌നാഥിന്റെ പരാമര്‍ശം. അസഹിഷ്ണുതയേറുന്ന ഘട്ടത്തില്‍ രാജ്യംവിട്ടുപോകേണ്ടിവരുമെന്ന ആമിര്‍ഖാന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രതികരണം. ഭരണഘടനയില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഉള്‍പ്പെടുമണെന്ന അഭിപ്രായം അബേദ്കറിനുണ്ടായിരുന്നില്ലെന്നും പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാരാണ് ഈ രണ്ട് പദങ്ങളും ഭരണഘടനയുടെ ആമുഖത്തില്‍ തിരുകി കയറ്റിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാനഘടകമായി തന്നെ അത് നിലനില്‍ക്കുന്നതുകൊണ്ടാണ് അംബേദ്കര്‍ അങ്ങനെ ചിന്തിച്ചത്. മതേതരത്വം എന്ന വാക്ക് ഏറെ ദുരുപയോഗപ്പെടുത്തന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു. ഭരണ-പ്രതിപക്ഷ വാക്‌പോരിനപ്പുറം ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് പാര്‍ലമെന്റ് സാക്ഷിയായി. രാജ്യത്ത് നടക്കുന്ന അരാജകത്വങ്ങളും അസഹിഷ്ണുതയും അക്കമിട്ട് നിരത്തിയാണ് സോണിയ സര്‍ക്കാറിനെ സൂചിമുനയില്‍ നിര്‍ത്തിയത്. എന്നാല്‍ സോണിയയുടെ വിമര്‍ശനങ്ങളെ ചെറുക്കാന്‍ രാജ്‌നാഥ് സിങിനും കാര്യമായി കഴിഞ്ഞില്ല.

© 2025 Live Kerala News. All Rights Reserved.