നൗഷാദ് മരിച്ചപ്പോള്‍കുടുംബത്തിന് ജോലിയും പത്ത് ലക്ഷം നഷ്ടപരിഹാരവും ; കോഴിക്കോട് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച യുവാവിനെതിരെയും വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം

കൊച്ചി: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നല്‍കിയെന്ന് വെള്ളാപ്പള്ളിയുടെ പരിഹാസം വിവാദമായി. കേരളത്തില്‍ മരിക്കുന്നെങ്കില്‍ മുസ്ലീമായി മരിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമത്വമുന്നേറ്റ യാത്രക്ക് കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരമാര്‍ശം.ഇവിടെ ജാതിയും മതവുമില്ല. എന്നാല്‍ അപകടത്തില്‍ മരിച്ച ഹാന്‍ഡ്‌ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദ് മരണമടഞ്ഞത്. നൗഷാദിന്റ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുടുംബത്തിന് സാമ്പത്തികസഹായവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. മറ്റുള്ളവരെ കരുതുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഓടയില്‍ അകപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നൗഷാദ് ശ്വാസം മുട്ടി മരിച്ചത്. മരവിച്ചിട്ടില്ലാത്ത മനുഷ്യമന:സാക്ഷിയെപ്പോലും വെള്ളാപ്പള്ളി വെറുതെ വിട്ടില്ലെന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

© 2025 Live Kerala News. All Rights Reserved.