ന്യൂഡല്‍ഹി: കേരളാ ഹൗസ് ബീഫ് റെയ്ഡില്‍ ഡല്‍ഹി പൊലീസിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍. കന്നുകാലി സംരക്ഷണ ചട്ടം പൊലീസ് ലംഘിച്ചു. പൊലീസിന് പരിശോധന നടത്താന്‍ അവകാശമില്ലെന്നും ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പറയുന്നു.
കേരളാ ഹൗസില്‍ ക്രമസമാധാന പാലനത്തിനാണ് പൊലീസ് എത്തിയതെന്ന ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബിഎസ് ബസ്സിയുടെ അവകാശവാദവും റിപ്പോര്‍ട്ട് തള്ളുന്നു. ക്രമസമാധാന പാലനത്തിനല്ല ഡല്‍ഹി പൊലീസ് കേരളാ ഹൗസിലെത്തിയത്. പൊലീസ് എത്തിയത് ബീഫ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ തന്നെയാണ്. ആദ്യപരിശോധനയില്‍ തന്നെ ഇവിടെ ബീഫില്ലെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധന ധാര്‍മികമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കന്നുകാലി സംരക്ഷണ ചട്ടമനുസരിച്ച് മൃഗസംരക്ഷണ വകുപ്പാണ് പരിശോധന നടത്തേണ്ടത്.
കേരളഹൗസിലെ സ്റ്റാഫ് കാന്റീനില്‍ പശുവിറച്ചി വിളമ്പുന്നുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡ് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഡിവിഷണല്‍ കമ്മിഷണര്‍ ആര്‍. അന്‍പരശിന്റെ നേതൃത്വത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണം നടത്തിയത്. ഇതിന്റെ ഭാഗമായി കേരള ഹൗസ് റസിഡന്‍ഷ്യല്‍ ഡയറക്ടറുടെയും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള വസ്തുതാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കേരള സര്‍ക്കാറിനും സമര്‍പ്പിക്കും.
ഡല്‍ഹിയില്‍ ഗോവധം നിരോധിച്ച അഗ്രിക്കള്‍ച്ചറല്‍ കാറ്റില്‍ പ്രിസര്‍വേഷന്‍ ആക്ട് 1994 പ്രകാരം പശുവിറച്ചി കടത്ത്, പരിശോധനയ്ക്കായി തിരച്ചില്‍, പിടിച്ചെടുക്കല്‍ എന്നിവയ്ക്കുള്ള അവകാശം സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ക്കാണ്. ഡല്‍ഹി പൊലീസിന് ഇതിന് അവകാശമില്ല.
കേന്ദ്ര സര്‍ക്കാറിനുകീഴിലുള്ള ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടലിലാണ്. കേരളാ ഹൗസിലെ ബീഫ് റെയ്ഡിനെ കെജ്രിവാള്‍ അപലപിക്കുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.