കോഴിക്കോട്; ചുമട്ടുതൊഴിലാളിയായി കോഴിക്കോട് ഒളിച്ചു ജീവിച്ചിരുന്ന നിരോധിച്ച ബോഡോ ഭീകരസംഘടനയുടെ കമാന്‍ഡര്‍ പിടിയില്‍. നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡ് (എസ്) വിഭാഗത്തിന്റെ നാഷനല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയും ഗ്രൂപ്പ് കമാന്‍ഡറുമായ ലിബിയോണ്‍ ബസുമതാരിയെയാണ്(ഡിങ്ക) കക്കോടിമുക്കിലെ വാടകകെട്ടിടത്തില്‍ നിന്നും സംസ്ഥാന ഇന്റലിജന്‍സ് അറസ്റ്റുചെയ്തത്. ഒരു വര്‍ഷമായി പൊലീസും, സൈന്യവുമായ ബോഡോ നടത്തിയ ഏറ്റുമുട്ടലുകളിലെല്ലാം പങ്കെടുത്തിട്ടുളള ഡിങ്ക ഒട്ടേറെ കൊലപാതക ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയാണ്.
ഓഗസ്റ്റില്‍ കൊക്രജാര്‍, ചിരാഗ് മേഖലകളില്‍ ഇന്ത്യന്‍ പട്ടാളവുമായി നടന്ന ഏറ്റുമുട്ടലുകളില്‍ കൂട്ടംതെറ്റിപോവുകയും തുടര്‍ന്ന് കാട്ടിനുള്ളില്‍ നിന്നും രക്ഷപ്പെട്ടാണ് കേരളത്തിലേക്ക് ഡിങ്ക എത്തിയതെന്നാണ് അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ച വിവരം.അസം തൊഴിലാളികളെ ജോലിക്ക് വിളിക്കാനെത്തിയവര്‍ എന്നു ഭാവിച്ചാണ് പൊലീസ് ഡിങ്കയെ കുടുക്കിയത്. ഡിങ്കയുടെ ഫോട്ടോ അസമിലേക്ക് അയച്ചുകൊടുക്കുകയും അവര്‍ തിരയുന്ന ഡിങ്ക തന്നെയാണ് ഇതെന്നും പൊലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്.
അടുത്ത ദിവസം കേരളത്തിലെത്തുന്ന അസം പൊലീസ് ഇയാളെ കൊണ്ടുപോകും. കോടതിയില്‍ ഹാജരാക്കിയ ഡിങ്കയെ ഡിസംബര്‍ രണ്ടുവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ബോഡോ കരാര്‍ അംഗീകരിക്കാത്ത ബോഡോ സെക്യൂരിറ്റി ഫോഴ്‌സാണ് നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡ് എന്ന പേരില്‍ സംഘടിച്ച് ഇന്ത്യന്‍ സേനയ്ക്കു നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നത്. പിന്നീട് ഇതു സംബ്ജിത്, സൊയങ്കവാര്‍ തുടങ്ങി പത്തിലധികം ഗ്രൂപ്പുകളായി പിരിഞ്ഞു. ഇതില്‍ സംബ്ജിത് ഗ്രൂപ്പിന്റെ നേതാവാണ് ഡിങ്ക എന്നാണ് ഇന്റലിജന്‍സിനു ലഭിക്കുന്ന വിവരം.
courtesy : southlive.in