കേരളത്തില്‍ ഗോവധം നിരോധിക്കാന്‍ ധൈര്യമുണ്ടോയെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണ്‍. ഗോവധ നിരോധനത്തിനായുള്ള നടപടികള്‍ ആരംഭിച്ചത് തങ്ങളാണെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര കൃഷി സഹമന്ത്രി.

ദിഗ്‌വിജയ് സിങ് ഗോവധ നിരോധനത്തെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ ഉടന്‍ തന്നെ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു- ബല്യാണ്‍ പറഞ്ഞു.

ഗോമാംസം കഴിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നതിന്റെ പശ്ചാത്തലത്തിലാണ് സഞ്ജീവ് ബല്യാണിന്റെ വെല്ലുവിളി. ഉത്തര്‍പ്രദേശിലെ കലാപ ബാധിത മണ്ഡലമായ മുസഫര്‍നഗറില്‍ നിന്നുള്ള എംപിയാണ് ബല്യാണ്‍.

ഗോമാംസം കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിയെ ദാദ്രിയില്‍ അഖ്‌ലാഖ് എന്ന അമ്പതുകാരന്‍ കൊല്ലപ്പെട്ടത് ഗുഢാലോചയല്ലെന്നും അത് യാദൃച്ഛികമായി സംഭവിച്ചതാണെന്നും ബല്യാണ്‍ പറഞ്ഞു. ഗോവധ നിരോധനം ബിജെപി അജണ്ട അല്ലെന്നും ഹിന്ദു മതത്തിന്റെ ആവശ്യമാണെന്നും ബിജെപി മന്ത്രി അവകാശപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.