കൊച്ചിയില്‍ ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേയ്ക്ക് ഒഴുകി

കൊച്ചി: ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേയ്ക്ക് ഒഴുകിപ്പോയി. ജങ്കാറില്‍ നിറയെ യാത്രക്കാരും വാഹനങ്ങളുമുണ്ട്. എല്‍.എന്‍.ജി. ടര്‍മിലിന് സമീപം കടലില്‍ ഒഴുകുന്ന ജങ്കാര്‍ കാലത്ത് എട്ട് മണിയായിട്ടും ജെട്ടിയില്‍ പിടിച്ചുകെട്ടാന്‍ കഴിഞ്ഞിട്ടില്ല. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സഹായത്തോടെയാണ് ജങ്കാര്‍ കരയ്ക്കടുപ്പിക്കാന്‍ ശ്രമം നടക്കുന്നത്. ജങ്കാറില്‍ നിറയെ യാത്രക്കാര്‍ ഉള്ളതും കനത്ത മഴ പെയ്യുന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്. ആര്‍ക്കും പരിക്കില്ല. വാഹനങ്ങളും സുരക്ഷിതമാണ്.

കാലത്ത് ആറരയോടെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേയ്ക്കുള്ള യാത്രാമധ്യേ കായലില്‍ വച്ച് പ്രൊപ്പല്ലറില്‍ പായല്‍ ചുറ്റിപ്പിടിച്ച് യന്ത്രം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് ജങ്കാറിന് നിയന്ത്രണം നഷ്ടമായത്.

ഇക്കഴിഞ്ഞ ആഗസ്ത് 26ന് ഫോര്‍ട്ട്‌കൊച്ചിയില്‍ ബോട്ടുകള്‍ കൂടിയിടിച്ച് പതിനൊന്ന് പേര്‍ മരിച്ചതിന് തൊട്ടുപിറകെ ജങ്കാറും അപകടത്തില്‍പ്പെട്ടത് ജനങ്ങളെ ഏറെ പരിഭ്രാന്തരാക്കി.

file Photo

© 2025 Live Kerala News. All Rights Reserved.