ഇന്ത്യ- പാക് സൈനിക മേധാവികളുടെ അഞ്ചുദിവസത്തെ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ പാക് സൈനിക മേധാവികളുടെ അഞ്ചുദിവസത്തെ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും. പാകിസ്ഥാന്റെ ഭാഗത്തും നിന്നും നിരന്തരം ഉണ്ടാകുന്ന കരാര്‍ ലംഘിച്ചുളള വെടിവെപ്പും, അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവുമാണ് സമ്മേളനത്തിലെ ഇന്ത്യയുടെ പ്രധാന അജണ്ട. കഴിഞ്ഞ മാസം ഇരു രാജ്യങ്ങളുടെയും സുരക്ഷാ ഏജന്‍സി തലവന്‍മാര്‍ തമ്മില്‍ നടക്കാനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. പാക് സൈന്യത്തിന്റെ ഡയറക്റ്റര്‍ ജനറല്‍ ആയ മേജര്‍ ജനറല്‍ ഉമര്‍ ഫാറുഖ് ബുര്‍ക്കിയും ബിഎസ്എഫ് തലവനായ ദേവേന്ദ്ര കുമാര്‍ പഥകും തമ്മിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും കടുത്ത വിമര്‍ശനവുമായി പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസ് വീണ്ടും രംഗത്തെത്തി. ഇന്ത്യപാക് കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാവേണ്ട വിഷയങ്ങള്‍ മോഡി അടിച്ചേല്‍പ്പിക്കുകയാണെന്നും, കശ്മീര്‍ വിഷയം ഉള്‍പ്പെടുത്താത്ത ഒരു ചര്‍ച്ചയ്ക്കും പാകിസ്ഥാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയ നാള്‍ മുതല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ പാകിസ്ഥാനെതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍താജ് അസീസ് ആരോപിച്ചു. സൈനിക മേധാവികളുടെ കൂടിക്കാഴ്ച ഇന്നു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സര്‍താജ് അസീസിന്റെ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

© 2025 Live Kerala News. All Rights Reserved.