ഇന്ത്യാ പാക് ചര്‍ച്ച റദ്ദാക്കിയത് നിര്‍ഭാഗ്യകരം രാജ്‌നാഥ് സിങ്

 

ന്യൂഡല്‍ഹി : ഇന്ത്യാ പാക് ദേശീയ സുരക്ഷാ ഉപദേശകരുടെ ചര്‍ച്ച റദ്ദാക്കിയത് നിര്‍ഭാഗ്യകരമായെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ചര്‍ച്ച അത്യാവശ്യമായിരുന്നു, പക്ഷേ പാകിസ്താന്‍ അത് വേണ്ടെന്നുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനുമായി സഹകരണം വര്‍ദ്ധിപ്പിക്കാനായി ശ്രമം തുടരും. പക്ഷേ അതിന് അവര്‍കൂടി തീരുമാനിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യാ പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷി പാടില്ലെന്നും ഭീകരവാദമൊഴികെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്നും ശനിയാഴ്ച പാകിസ്താന്‍ പിന്‍വലിഞ്ഞത്.

ചര്‍ച്ചക്ക് മുന്നോടിയായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍തജ് അസീസ് കശ്മീരിലെ വിഘടനവാദികളെ ചര്‍ച്ചക്ക് ക്ഷണിച്ചതാണ് ഇരുരാജ്യങ്ങള്‍ക്കിടയിലും അഭിപ്രായവ്യത്യാസമുണ്ടാക്കിയത്.

ഉഫയില്‍ വെച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. തീവ്രവാദ വിഷയങ്ങളില്‍ ദേശീയ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്നായിരുന്നു ധാരണ.

© 2025 Live Kerala News. All Rights Reserved.