7 കോടി ചെലവ് പ്രതീക്ഷിക്കുന്നു; അയ്യപ്പ സംഗമം ഫണ്ട് സ്പോൺസർഷിപ്പ് വഴി നടത്തുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മന്ത്രി വി.എൻ വാസവൻ അറിയിച്ചു. സംഗമത്തിന് 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും, എന്നാൽ ഫണ്ട് സ്പോൺസർഷിപ്പ് വഴി കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതുവഴി ദേവസ്വം ബോർഡിനോ സംസ്ഥാന സർക്കാരിനോ സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഈ സംഗമത്തിൽ എൻ.എസ്.എസും (NSS) എസ്.എൻ.ഡി.പി.യും (SNDP) പങ്കെടുക്കുമെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേർത്തു. അയ്യപ്പഭക്തർക്ക് സുരക്ഷിത ദർശനത്തിനുള്ള സൗകര്യങ്ങൾ നേരിട്ട് ബോധ്യപ്പെടാൻ ദേവസ്വം ബോർഡ് അവസരം ഒരുക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് ശിവഗിരി മഠം എത്തിയിരുന്നു. അയ്യപ്പ സംഗമത്തെ കുറ്റം പറയാൻ ആർക്കും അവകാശമില്ലെന്നും സംഗമത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം എന്തെന്ന് കേരളത്തിലെ പ്രബുദ്ധ ജനതക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.